മെയ് 2 ന് ദില്ലിയിലെത്തണം മോദിയെയും അമിത് ഷായെയും കാണാന്‍ നിര്‍ദ്ദേശം

ദില്ലി: വിവാദ പരാമര്‍ശങ്ങള്‍ നടത്തി സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിനെ പ്രധാനമന്ത്രി വിളിപ്പിച്ചുവെന്ന് സൂചന. മെയ് 2ന് ദില്ലിയില്‍ വച്ച് മോദിയെയും അമിത് ഷായെയും നേരിട്ട് കാണാനാണ് ബിപ്ലവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

കഴിഞ്ഞ മാസം ത്രിപുര മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബിപ്ലവ് നടത്തിയ പ്രസ്താവനകള്‍ കടുത്ത വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കിയിരുന്നു. യുവാക്കളോട് സര്‍ക്കാര്‍ ജോലിയുടെ പിന്നാലെ പോകാതെ കറവ പശുവിനെ വളര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഒടുവിലായി ബിപ്ലവ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. 

സര്‍ക്കാര്‍ ജോലിക്കായി രാഷ്ട്രിയ പാര്‍ട്ടിക്കാരുടെ പുറകെ നടന്ന് സമയം കളയാതെ ബിരുദധാരികളായ യുവാക്കള്‍ പശുക്കളെ വളര്‍ത്തിയാല്‍ 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ കഴിയും. യുവാക്കള്‍ അവരുടെ വിലപ്പെട്ട സമയം ഇനിയും പാഴാക്കരുതെന്നുമാണ് ബിപ്ലവ് ദേവ് യുവാക്കളെ ഉപദേശിച്ചത്. 

സിവിൽ എൻജിനീയറിങ് പഠിച്ചവർക്ക് സിവിൽ സർവ്വീസ് മേഖല തെര‌ഞ്ഞെടുക്കാമെന്നും മെക്കാനിക്ക് എൻജിനീയറിങ് പഠിച്ചവർ സിവിൽ സർവ്വീസിന് അനുയോജ്യരല്ലെന്നും അഗർത്തലയിൽ സിവിൽ സർവ്വീസ് ദിനാഘോഷ പരിപാടിയില്‍ ബിപ്ലവ് പറഞ്ഞിരുന്നു. മുൻപ് ആർട്സ് വിഷയങ്ങൾ പഠിച്ചവരാണ് സിവിൽ സർവ്വീസിലേക്ക് വന്നിരുന്നത്. ഇപ്പോൾ ഡോക്ടർമാരും എൻജിനീയർമാരുമൊക്കെയാണ് വരുന്നത്. സിവിൽ സർവ്വീസിലേക്ക് വരുന്ന സിവിൽ എൻജിനീയർമാർക്ക് പൊതുമരാമത്ത് നിർമ്മാണ പ്രവർത്തനങ്ങളിൽ മികച്ച സംഭാവന നൽകാൻ കഴിയുമെന്നും എന്നാൽ മെക്കാനിക്കൽ എൻജിനീയർമാർക്ക് ഇത് കഴിയില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണം.

മഹാഭാരത കാലത്തെ ഭാരതത്തിൽ ഇന്റെർനെറ്റ് ഉണ്ടായിരുന്നുവെന്ന പ്രസ്താവന സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ട്രോളുകള്‍കൊണ്ട് നിറയുകയും ചെയ്തിരുന്നു. മഹാഭാരതയുദ്ധത്തിന്റെ സമയത്ത് കുരുക്ഷേത്രത്തിലെ വിവരങ്ങള്‍ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ വിവരിച്ചത് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നും ഭാരതത്തില്‍ ആ സമയത്തേ ഈ സാങ്കേതിക വിദ്യകള്‍ ഉണ്ടായിരുന്നതിന്റെ തെളിവാണ് ഇതെന്നും ബിപ്ലവ് പറഞ്ഞിരുന്നു.