യൂസഫിന്റെ പരാമർശത്തിനെതിരെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി.  യൂസഫിന്റെ പ്രസ്താവന അപകീര്‍ത്തിപരവും നിരുത്തരവാദപരവുമാണെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. 

ദില്ലി: പുൽവാമ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ്. ദില്ലി കോൺ​ഗ്രസ് വർക്കിംങ് പ്രസിഡന്റായ ഹാറൂണ്‍ യൂസഫ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്ന് കിലോ ബീഫ് കണ്ടെത്താനാകും എന്നാൽ 350 കിലോ ആര്‍ഡിഎക്സ് കണ്ടെത്താനാകില്ലെന്നായിരുന്നു യൂസഫിന്റെ ട്വീറ്റ്. #ModiFailsNationalSecurity(sic) എന്ന ഹാഷ്ടാഗോടെയാണ് യൂസഫ് ട്വീറ്റ് ചെയ്തത്. 

അതേസമയം യൂസഫിന്റെ പരാമർശത്തിനെതിരെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. യൂസഫിന്റെ പ്രസ്താവന അപകീര്‍ത്തിപരവും നിരുത്തരവാദപരവുമാണെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ ഇരട്ടമുഖമാണ് യൂസഫിന്റെ വാക്കുകളിലൂടെ പ്രതിധ്വനിച്ചതെന്ന് ബിജെപി ദില്ലി വൈസ് പ്രസിഡന്റ് രാജിവ് ബബ്ബര്‍ പറഞ്ഞു.

പരാമർശം വിവാദമായതിന് പിന്നാലെ ട്വീറ്റിനെ ന്യായീകരിച്ച് യൂസഫ് തന്നെ രം​ഗത്തെത്തി. മൂന്ന് കിലോ ബീഫിന്റെ പേരില്‍ നിങ്ങള്‍ക്ക് നിരപരാധികളെ കൊന്നൊടുക്കാം. എന്നാൽ 350 കിലോ ആര്‍ഡിഎക്‌സ് പിടികൂടാനാകില്ലെന്നും യൂസഫ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.