മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയില്ലാതെ ചൈനയിലെത്തുന്ന മോദി രണ്ട് ദിവസം ഷീ ജിൻപിങ്ങുമായി അനൗദ്യോ​ഗിക സംഭാഷണങ്ങാവും നടത്തുക. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുൻപായി ചൈനയുമായുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുക എന്നതാണ് മോദിയുടെ പ്രധാന ലക്ഷ്യം

ദില്ലി: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പട്ടണമായ വുഹാനിലേക്ക് തിരിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിനുള്ള ചര്‍ച്ചയ്ക്കാണ് മുന്‍തൂക്കമെന്ന് ചൈനയിലേക്ക് യാത്ര തിരിക്കും മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. 

മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയില്ലാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതെന്ന് ചൈനയിലെ ഇന്ത്യൻ സ്ഥാനപതി ഗൗതം ബംബാവാല അറിയിച്ചു. അനൗപചാരിക സംഭാഷണം ആകും രണ്ടു ദിവസവും നടക്കുകയെന്നും ഗൗതം ബംബാവാല പറഞ്ഞു. പരസ്പര വിശ്വാസം കൂട്ടാനുള്ള തുറന്ന ചർച്ച ഉണ്ടാകുമെന്നും ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി. 

അനൗപചാരിക ചർച്ച ആയതിനാൽ കരാറുകൾ ഔന്നും സന്ദർശനവേളയിൽ ഒപ്പുവയ്ക്കില്ല. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ചൈനീസ് അതിർത്തിയിൽ സ്ഥിതി സാധാരണനിലയിലേക്ക് കൊണ്ടു വരാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്.