ലോകത്തെ 40 ശതമാനം ജനങ്ങൾ വസിക്കുന്ന രണ്ട് ശക്തികൾ തമ്മിലുള്ള കൂടിക്കാഴ്ചയാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് പറഞ്ഞു

ബീജിങ്: ഇന്ത്യയും ചൈനയും ഒന്നിച്ച് കരുത്തുള്ള ഏഷ്യ നിർമ്മിക്കണമെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ആവശ്യപ്പെട്ടു. ചൈനീസ് പ്രസിഡന്റുമായി ഫലവത്തായ ചർച്ച നടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. ഇരുവർക്കുമിടയിലെ അനൗപചാരിക സംഭാഷണം നാളെയും തുടരും.

ലോകത്തെ 40 ശതമാനം ജനങ്ങൾ വസിക്കുന്ന രണ്ട് ശക്തികൾ തമ്മിലുള്ള കൂടിക്കാഴ്ചയാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് പറഞ്ഞു. തന്നെ സ്വീകരിക്കാൻ ഇതു രണ്ടാം തവണ ബീജിങിനു പുറത്തേക്ക് വന്നതിന് മോദി ഷിയ്ക്ക് നന്ദി പറഞ്ഞു. ചർച്ചയിൽ പുരോഗതിയുണ്ടെന്ന സൂചനയും മോദി നല്കി. ഏഷ്യയുടെ വളർച്ചയ്ക്ക് രണ്ടു രാജ്യങ്ങളും ഒന്നിച്ചു നില്ക്കണമെന്ന് ഷി ജിൻപിങ്ങ് ആവശ്യപ്പെട്ടു.

സിന്ദു നദീതടസംസ്കാരവും ചൈനീസ് സംസ്കാരവും തമ്മിലുള്ള ബന്ധം ഷി സൂചിപ്പിച്ചു. ഇത്തരത്തിലുള്ള അനൗപചാരിക കൂടിക്കാഴ്ചകൾ തുടരാം എന്ന് ഷി ജിൻപിങ് പറഞ്ഞു. 2019ൽ ഇന്ത്യയിലേക്ക് സമാന സംഭാഷണത്തിന് വരാൻ മോദി ഷിയെ ക്ഷണിച്ചു. ദോക്ലാം, പാക് അധീനകശ്മിരിലെ റോഡ് നിർമ്മാണം എന്നീ വിഷയങ്ങൾ ഉന്നയിക്കാൻ മോദി മറക്കരുതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. തടാകക്കരയിൽ നടന്നും ബോട്ട് സവാരി നടത്തിയും നാളെയും രണ്ടു നേതാക്കളും ചർച്ച തുടരും. ഹുബയി മ്യൂസിയത്തിൽ സാംസ്കാരിക പരിപാടികളും അത്താഴവിരുന്നും സംഘടിപ്പിച്ചാണ് ഇന്ന് ഷി ജിൻപിങ് മോദിയെ വരവേറ്റത്.