കള്ളപ്പണത്തിനെതിരെയുള്ള കൂടുതൽ നടപടികൾ പ്രധാനമന്ത്രിയിൽ നിന്ന് രാജ്യം ഇന്നത്തെ അഭിസംബോധനയിൽ പ്രതീക്ഷിച്ചെങ്കിലും നിയമം അതിന്‍റെ ജോലി ചെയ്യും എന്ന വിശദീകരണം മാത്രമാണ് നരേന്ദ്ര മോദി നൽകിയത്. വലിയ ശുദ്ധീകരണത്തിന് സര്‍ക്കാരും ജനങ്ങളും തോളോട് തോൾചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. സത്യസന്ധരായവരെ സര്‍ക്കാർ സംരക്ഷിക്കുമെന്നും അല്ലാത്തവരെ നേരായ മാര്‍ഗ്ഗത്തിൽ നടത്താൻ ശ്രമിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ആയിരക്കണക്കിന് ബാങ്ക് ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിന് മോദി നന്ദിപറഞ്ഞു. എന്നാൽ ചില ബാങ്കുദ്യോഗസ്ഥരും സര്‍ക്കാർ ഉദ്യോഗസ്ഥരും വൻ അപരാധം ചെയ്തെന്നും ഇവര്‍ ശിക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബിനാമി സ്വത്തുക്കൾ കണ്ടുപിടിക്കുന്നതുൾപ്പടെയുള്ള പദ്ധതികൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇത് കള്ളപ്പണക്കാര്‍ക്കും ദരിദ്രര്‍ക്കും ഇടയിലുള്ള പോരാട്ടമെന്ന് വരുത്താനായിരുന്നു പ്രധാനമന്ത്രിയുടെ പ്രധാന ശ്രമം. എന്നാൽ ഈ അമ്പത് ദിവസത്തിൽ എത്ര കള്ളപ്പണം കണ്ടെത്തിയെന്നോ, ബാങ്കുകളിലേക്ക് എത്ര തുക തിരിച്ചെത്തിയെന്നോ പ്രധാനമന്ത്രി വെളിപ്പെടുത്താൽ തയ്യാറായില്ല.
ബാങ്കുകളിലെ നിയന്ത്രണം എത്രയും വേഗം സാധാരണ നിലയിലാക്കണം എന്ന നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്ന് പറഞ്ഞ നരേന്ദ്ര മോദി ഇതിനുള്ള സമയപരിധിയും വ്യക്തമാക്കിയില്ല. നവംബർ എട്ടിന് തന്‍റെ പ്രസംഗം ഒരുതരംഗം ഉണ്ടാക്കിയെങ്കിൽ ഇന്ന് മുറിവുണക്കാനാണ് പ്രധാനമായും നരേന്ദ്ര മോദി ശ്രമിച്ചത്.
