ഒമാന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാനിലെ പൊതുപരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞുവെന്ന ചര്‍ച്ച പ്രവാസികള്‍ക്കിടയില്‍ സജീവമാകുന്നു. വിഷയം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, പ്രവര്‍ത്തി ദിനമായിട്ടും പ്രതീക്ഷിച്ചതുപോലെ വിജയമെന്നാണ് സംഘാടകര്‍ പറയുന്നത്. മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് പ്രധാനമന്ത്രിയുടെ പൊതു പരിപാടിയുമായി ബന്ധപെട്ടു ഉത്തരവാദിത്വം ഇല്ലെന്ന് ക്ലബ് ചെയര്‍മാന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാനിലെ പൊതുപരിപാടിയില്‍ 25,000 പേര്‍ പങ്കെടുക്കുമെന്നാണ് ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്. ഇതിനായി 28,422 പേരാണ് ഓണ്‍ലൈന്‍ വഴി പ്രവേശനത്തിനായി അപേക്ഷിച്ചരുന്നതെന്നും, കഴിഞ്ഞ ദിവസം നടന്ന പ്രധാന മന്ത്രിയുടെ പൊതുപരിപാടിയില്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നുവെന്നും എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.

അമ്പത് കമ്പ്യൂട്ടര്‍ ഗേറ്റിലൂടെയായിരുന്നു പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്, ഇത്‌കൊണ്ട് എത്രപേര്‍ പരിപാടിയില്‍ പങ്കെടുത്തുവെന്നു കൃത്യമായി അറിയുവാന്‍ കഴിയുമെന്നും മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സിയിലെ സെക്കന്റ് സെക്ട്രറി ഷബീര്‍ യൂഖാഭിമ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാണികളുടെ എണ്ണത്തിന് യാതൊരു വിധ ആധികാരികതയുമില്ലെന്നും എംബസ്സിയുടെ മാധ്യമ വകുപ്പ് മേധാവി കൂടിയായ ഷബീര്‍ യൂഖാഭിമ വ്യക്തമാക്കി. ഒമാനില്‍ ഒരു വിദേശ രാഷ്ട്രതലവന് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പൊതുപരിപാടിക്കുള്ള അനുവാദം ലഭിച്ചത്. 

34,000 ഇരിപ്പടങ്ങള്‍ ഉള്ള ഒമാനിലെ ഒരു വലിയ കായിക സമുച്ചയമാണ് സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്. എംബസ്സി സംഘടിപ്പിച്ച നരേന്ദ്ര മോദിയുടെ ഒമാനിലെ പൊതുപരിപാടിയില്‍ മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് യാതൊരു ഉത്തരവാദിത്വങ്ങളും ഇല്ലായിരുന്നുവെന്നും ചെയര്‍മാന്‍ സതീഷ് നമ്പ്യാര്‍ വ്യക്തമാക്കി. ക്ലബിലെ 26 ശാഖകളിലായി 5000 ത്തോളം വരുന്ന അംഗങ്ങള്‍ക്ക് പാസുകള്‍ വിതരണം ചെയ്യുവാനും, കലാപരിപാടികള്‍ അവതരിപ്പിക്കുവാനും മാത്രമേ സോഷ്യല്‍ ക്ലബ് ഇടപെട്ടിരുന്നുള്ളൂവെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.