ആദ്യ മത്സരത്തില്‍ ഉറുഗ്വെയ്ക്കെതിരെ സലാ കളിക്കും

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങും മുന്‍പ് ഈജിപ്തിനും ആരാധകര്‍ക്കും സന്തോഷവാര്‍ത്ത. ടീമിലെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സലാ ഉറുഗ്വെയ്ക്കെതിരായ മത്സരത്തില്‍ കളിക്കുമെന്ന് ഈജിപ്‌ത് പരിശീലകന്‍ വ്യക്തമാക്കി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരായ മത്സരത്തില്‍ പരിക്കേറ്റ സലായ്ക്ക് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിക്കാനാവുമോ എന്ന് ആശങ്കകളുണ്ടായിരുന്നു.

എന്നാല്‍ ലോകകപ്പിന് മുന്‍പ് താരത്തിന്‍റെ ആരോഗ്യനിലയില്‍ ടീം വ്യക്തത വരുത്തിയെങ്കിലും ആദ്യ മത്സരം നഷ്ടപ്പെട്ടേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സലാ കളിക്കുമെന്നുറപ്പായതോടെ പൂര്‍ണ സന്നാഹങ്ങളോടെയാവും ഉറുഗ്വെയെ ഈജിപ്ത് നേരിടുക എന്നുറപ്പായി. ലോകകപ്പില്‍ ഈജിപ്തിന്‍റെ മുഴുവന്‍ പ്രതീക്ഷകളും സലാ എന്ന ലിവര്‍പൂള്‍ സ്‌ട്രൈക്കറുടെ കാലുകളിലാണ്. വെള്ളിയാഴ്ച്ചയാണ് ഈജിപ്ത്- ഉറുഗ്വെയ് പോരാട്ടം.