മലപ്പുറം: കേരളം ജിഹാദികളുടെ നാടാകുന്നെന്ന മോഹൻ ഭഗവതിന്റെ പ്രസ്താവനയും വേങ്ങരയിൽ ചർച്ചയാകുന്നു. ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ അനുവദിക്കില്ലെന്ന നിലപാടുമായി ഇടതുമുന്നണി വോട്ടു തേടുമ്പോള്‍ ഇടതിന്റെ ആർഎസ്എസ് വിരുദ്ധത ഒത്തുതീർപ്പാണെന്ന മറുവാദമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.

കേരളവും ബംഗാളും ജിഹാദികളുടെ നാടാണെന്നാണ് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞത്. കേരളത്തെ അപമാനിച്ചെന്ന് മുഖ്യമന്ത്രി മറുപടിയും നൽകി. ബിജെപി വിരുദ്ധ രാഷ്ട്രീയം സജീവ പ്രചരണ വിഷയമാകുന്ന ഇവിടെ ഇതും പ്രചാരണത്തെ ചൂടു പിടിപ്പിക്കുകയാണ്.

സംഘ്പരിവാറിനെതിരായ കേസുകളിൽ സംസ്ഥാന സർക്കാർ മൃദു സമീപനമാണ് സ്വീരകരിക്കുന്നതെന്നാണ് യുഡിഎഫ് വാദം. അതിനാൽ ഇടതിന്റെ സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയം കാപട്യമാണെന്ന് യുഡിഎഫ് തിരിച്ചടിക്കുന്നു.

അതേസമയം ആർഎസ്എസ് മേധാവിയുടെ പ്രസ്ഥാവനയെ പൂർണമായും ന്യായീകരിച്ചുകൊണ്ടാണ് ബിജെപി പ്രചരണം മുന്നോട്ടുപോകുന്നത്.