Asianet News MalayalamAsianet News Malayalam

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മഭൂഷണ്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്കാരം. മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്കാരം.

mohanlal to be awarded with Padma Bhushan
Author
Delhi, First Published Jan 25, 2019, 9:42 PM IST

ദില്ലി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടൻ മോഹൻലാൽ, മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണൻ, കുൽദീപ് നെയ്യാര്‍ എന്നിവരുൾപ്പടെ 14 പേര്‍ക്ക് ഇത്തവണ പത്മഭൂഷണ്‍ പുരസ്കാരം.

ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു വിദഗ്ധൻ കെ കെ മുഹമ്മദ്, പ്രശസ്ത ഗായകൻ കെ ജി ജയൻ, ആരോഗ്യ വിദഗ്ധനായ മാമൻ ചാണ്ടി എന്നിവര്‍ക്ക് പത്മശ്രീ. സംഗീതജ്ഞൻ ശിവമണി, ഗായകൻ ശങ്കര്‍ മഹാദേവൻ, നടനും നർത്തകനുമായ പ്രഭുദേവ, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദ, സ്പോര്‍ട്സ് താരങ്ങളായ ഗൗദംഗംഭീര്‍, ഫുട്ബോള്‍ താരം സുനിൽ ഛേദ്രി, പുരാവസ്തു വിദഗ്ധൻ കെ.കെ മുഹമ്മദ്, തുടങ്ങി 94 പേര്‍ ഇത്തവണ പത്മശ്രീ പുരസ്കാരത്തിന് അർഹനായി.
 

മോഹന്‍ലാല്‍

പ്രേം നസീറിന് ശേഷം പത്മഭൂഷണ്‍ കിട്ടുന്ന മലയാളനടനാണ് മോഹന്‍ലാല്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും അഭിനയിക്കുന്ന ലാല്‍, ഇന്ത്യന്‍ സിനിമയിലെ ഏക്കാലത്തെയും വലിയ നടന്മാരിലൊരാളാണ്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001ലും മോഹന്‍ലാലിനെ പത്മശ്രീ പുരസ്കാരം നൽകി ഭാരത സർക്കാർ ആദരിച്ചിരുന്നു.

2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്‍റ് കേണൽ പദവി നൽകുകയും ചെയ്തു. തിരനോട്ടം എന്ന സിനിമയിലൂടെയാണ് മോഹന്‍ലാല്‍ സിനിമ അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. എന്നാല്‍, ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് ഫാസിലിന്‍റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ (1980) നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തേ അവതരിപ്പിച്ച് അഭ്രപാളിയിലെ തേരോട്ടത്തിന് തുടക്കം കുറിച്ചു. പിന്നീട് അനവധി വില്ലന്‍ വേഷങ്ങളില്‍ മികവ് തെളിയിച്ച ലാല്‍ അഭിനയപ്രതിഭ കൊണ്ട് നായക വേഷങ്ങളിലേക്ക് കൂടുമാറി.

പിന്നീട് മോഹന്‍ലാലിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 1986ല്‍ തമ്പി കണ്ണന്താനത്തിന്‍റെ രാജാവിന്‍റെ മകനിലെ വിന്‍സെന്‍റ് ഗോമസിനെ അവതരിപ്പിച്ച് സൂപ്പര്‍താര പദവിയിലേക്ക് നടന്ന് കയറി. ടി പി ബാലഗോപാലന്‍ എം എ, താളവട്ടം, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങിയ സിനിമകളിലൂടെ ലാല്‍ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. അക്കാലത്തെ യുവാക്കളുടെ ജീവിതത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന വേഷങ്ങളിലൂടെയാണ് ആരാധകരെ കൂടുതലും മോഹന്‍ലാല്‍ സ്വന്തമാക്കിയത്.

മികച്ച നടന്‍, ചലച്ചിത്ര നിര്‍മാതാവ്, പ്രത്യേക ജൂറി പരാമര്‍ശം എന്നിങ്ങനെ അഞ്ച് വട്ടം ദേശീയ പുരസ്കാരങ്ങള്‍ മോഹന്‍ലാലിലൂടെ കേരളത്തിലെത്തി. സംസ്ഥാന പുരസ്കാരങ്ങളും അനവധി വട്ടം നേടിയ ഇന്ത്യ കണ്ട മഹാനടന്മാരുടെ പട്ടികയിലെ ആദ്യസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന താരമാണ്. 

നമ്പി നാരായണന്‍

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ (ഇന്ത്യന്‍ സ്‍പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) യില്‍ ജോലി ചെയ്‍തിരുന്ന മുന്‍നിര ശാസ്ത്രജ്ഞന്മാരില്‍ ഒരാളായിരുന്നു മലയാളിയായ നമ്പി നാരായണന്‍. 1990കളില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ക്രയോജനിക് റോക്കറ്റ് എന്‍ജിന്‍ പദ്ധതിയുടെ ഡയറക്റ്റര്‍ ആയിരുന്നു നമ്പി നാരായണന്‍. 

  രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി,  ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് ഭാരതരത്ന പുരസ്കാരം. നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും മരണാനന്തരബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. 

പ്രണബ് കുമാർ മുഖർജി

ഒരു കാലത്ത് കോൺ​ഗ്രസ് രാഷ്ട്രീയത്തിലെ പ്രശ്നപരിഹാരകൻ എന്നറിയപ്പെട്ടിരുന്നു പ്രണബ് മുഖർജി കോൺ​ഗ്രസ് രാഷ്ട്രീയത്തിൽ നിന്നും രാഷ്ട്രപതി പദവിയിലെത്തിയ ചരിത്രമുള്ള വ്യക്തിയാണ്. രാജ്യസഭാ എംപിയാക്കി കൊണ്ട് 1969-ല്‍ ഇന്ദിരാഗാന്ധിയാണ് പ്രണബ് കുമാര്‍ മുഖര്‍ജിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടു വന്നത്. മികച്ച രാഷട്രീയനേതാവ് എന്ന നിലയിൽ പേരെടുത്ത അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽ പരക്കെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു.

കർക്കശക്കാരനായ ഭരണാധികാരി എന്ന പ്രതിച്ഛായയുള്ള പ്രണബ് മുഖർജി പ്രതിരോധമന്ത്രി,വിദേശകാര്യമന്ത്രി,വാണിജ്യകാര്യമന്ത്രി, ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍, കോണ്‍ഗ്രസ് ലോക്സഭാ നേതാവ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.  2012-ല്‍ യുപിഎ സര്‍ക്കാരില്‍ ധനകാര്യമന്ത്രിയാരിക്കെയാണ് രാഷ്ട്രപതിയാവുന്നത്. 2017 വരെ ആ പദവിയില്‍ തുടര്‍ന്ന അദ്ദേഹം മന്‍മോഹന്‍സിംഗ്, നരേന്ദ്രമോദി എന്നീ പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

രാഷ്ട്രീയമായി രണ്ട് ചേരിയിലായിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമാണ് പ്രണബ് ദാ സൂക്ഷിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ഭാരതരത്നാ പ്രഖ്യാപനത്തില്‍ പ്രണബ് മുഖര്‍ജിയെ പരമോന്നത പുരസ്കാരത്തിന് തെരഞ്ഞെടുക്കുക വഴി ബംഗാളില്‍ അത് പ്രചരണായുധമാക്കാന്‍ ബിജെപി ശ്രമിച്ചേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 

ഭൂപന്‍ ഹസാരിക

ഗായകന്‍, ഗാനരചയിതാവ്, സംഗീതസംവിധായകന്‍, എന്നീ നിലകളില്‍ പേരെടുത്ത കലാകാരനാണ് ഭൂപന്‍ ഹസാരിക. അസം സ്വദേശിയായ അദ്ദേഹത്തിന്‍റെ ഗാനങ്ങളും സൃഷ്ടികളും ഉണ്ടായിട്ടുള്ളത് അസമീസ് ഭാഷയിലാണ്. എന്നാല്‍ രാജ്യം അദ്ദേഹത്തെ അറിഞ്ഞത് ഹിന്ദി, ബംഗാളി ഭാഷകളിലെ അദ്ദേഹത്തിന്‍റെ സൃഷ്ചടികളുടെ ജനകീയതയിലൂടെയാണ്. 

മനുഷ്യത്വവും, ഐക്യതയും,മതേതരത്വവുമായിരുന്നു ഭൂപന്‍ ഹസാരികയുടെ ഗാനങ്ങളില്‍ നിറഞ്ഞു നിന്നത്. അസമിലേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും സംഗീതവും സംസ്കാരവും ഇന്ത്യന്‍ ജനതയ്ക്ക് പരിചിതമാക്കിയതില്‍ ഭൂപന്‍ ഹസാരികയുടെ സംഭാവന നിസ്തുലമാണ്. 

മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം 1975-ല്‍ സ്വന്തമാക്കിയ അദ്ദേഹം 1987-ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും, 1992-ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും സ്വന്തമാക്കി. പത്മശ്രീ(1977), പത്മവിഭൂഷണ്‍ (2001) പുരസ്കാരങ്ങള്‍ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1926-ല്‍ അസമില്‍ ജനിച്ച ഭൂപന്‍ ഹസാരികെ 1939-മുതല്‍ 2011ല്‍ 85-ാം വയസ്സില്‍ മരിക്കും വരെ സംഗീതരംഗത്ത് സജീവമായിരുന്നു. ബിജെപിയോട് അടുപ്പം സ്ഥാപിച്ചിരുന്ന അദ്ദേഹം 1998- മുതല്‍ 2003 വരെ സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു. 

നാനാജി ദേശ്മുഖ്

വളരെ ചെറുപ്രായത്തിലെ ആര്‍എസ്എസില്‍ ചേര്‍ന്ന നാനാജി ദേശ്മുഖ് ആര്‍എസ്എസ് സര്‍സംഘചാലകായിരുന്ന എം.എസ്.ഗോല്‍വാക്കറുടെ നിര്‍ദേശ പ്രകാരമാണ്. ജന്മദേശമായ മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഗൊരഖ്പുറില്‍ ആര്‍എസ്എസ് പ്രചാരകിന്‍റെ ചുമതലയുമായി എത്തുന്നത്. പിന്നീടങ്ങോട് നാനാജി ദേശ്മുഖിന്‍റെ കര്‍മ്മമേഖല പ്രധാനമായും ഉത്തര്‍പ്രദേശായിരുന്നു.  1947-ല്‍ രാഷ്ട്രധര്‍മ്മ,പാഞ്ചജന്യ, സ്വദേശ് എന്നീ മാധ്യമങ്ങള്‍ ആരംഭിക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചപ്പോള്‍ അതിന് നേതൃത്വം വഹിച്ചത് എബി വാജ്പേയും ദീന്‍ ദയാല്‍ ഉപാധ്യയയും നാനാജിയും ചേര്‍ന്നാണ്. 

ഭാരതീയജനസംഘം രൂപം കൊണ്ടപ്പോള്‍ ഉത്തര്‍പ്രദേശില്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് നാനാജിയായിരുന്നു. 1967-ല്‍ ചരണ്‍ സിംഗ് സര്‍ക്കാര്‍ രൂപീകരണത്തില്‍ അദ്ദേഹം നിര്‍ണായകപങ്കുവഹിച്ചു. അടിയന്തരാവസ്ഥകാലത്ത് ജയപ്രകാശ് നാരായണനുമായി സഹകരിച്ചു പ്രവര്‍ത്തിച്ച അദ്ദേഹത്തിന് കടുത്ത പൊലീസ് പീഡനവും നേരിടേണ്ടി വന്നു. 1977-ല്‍ യുപിയിലെ ബല്‍റാംപുര്‍ മണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച് അദ്ദേഹം ലോക്സഭയിലെത്തി. 1980-ല്‍ തന്‍റെ അറുപതാം വയസില്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച നാനാജി പിന്നീട് സാമൂഹ്യസേവനരംഗത്താണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 

ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വം ഏറ്റെടുത്ത നാനാജി സംഘടനയിലൂടെ ഗ്രാമീണവികസനം, കാര്‍ഷികക്ഷേമം എന്നീ ലക്ഷ്യങ്ങളോടെ വളരെയേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. മധ്യപ്രദേശിലെ ചിത്രക്കൂടില്‍ അദ്ദേഹംതന്നെ സ്ഥാപിച്ച വിശ്വവിദ്യാലയയില്‍ വച്ച് 2010-ലായിരുന്നു നാനാജിയുടെ അന്ത്യം. മരണാനന്തരം അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി കൈമാറി. സാമൂഹിക സേവനരംഗത്ത് നല്‍കിയ സംഭവാനകളുടെ പേരില്‍ 2006-ല്‍ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. പിന്നീട് 1999-ല്‍ വാജ്പേയ് സര്‍ക്കാരിന്‍റെ കാലത്ത് രാജ്യസഭാ എംപിയായി അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios