നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. മദ്യഷാപ്പുകള്‍ക്ക് മുന്നിലും സിനിമാശാലകള്‍ക്ക് മുന്നിലും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി വരി നില്‍ക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. വ്യക്തിപരമായി താന്‍ ബന്ധപ്പെടുന്ന പല മേഖലകളിലും നോട്ട് പിന്‍വലിക്കല്‍ നടപടികൊണ്ട് പ്രയാസം നേരിടുന്നുണ്ടെങ്കിലും രാജ്യനനമ്യ്ക്ക് വേണ്ടി അത് സഹിക്കുന്നെന്നും അദ്ദേഹം പറയുന്നു.

പ്രധാനമന്ത്രിയുടെ നിലപാടുകളെയും നോട്ടു പിന്‍വലിച്ചതായി പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തെയും അദ്ദേഹം ബ്ലോഗില്‍ പ്രശംസിക്കുന്നുമുണ്ട്. പ്രസംഗം സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെയായിരുന്നു. പാവപ്പെട്ടവനെങ്കിലും അഭിമാനിയായ ഇന്ത്യക്കാരനെ അദ്ദേഹം മുന്നില്‍ നിര്‍ത്തി. ഏറ്റവും സൂക്ഷമമായി ഇന്ത്യയെ പഠിച്ചതിന്റെ മുദ്രകള്‍ പ്രധാനമന്ത്രിയുടെ ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. കള്ളപ്പണവും കള്ളനോട്ടുമായി തിളയ്ക്കുന്ന ഒരു സമാന്തര സാമ്പത്തിക ലോകം ഇവിടെ നിലനില്‍ക്കുന്നു. ഇത് അവസാനിപ്പിക്കാനും അഴിമതിയുടെ മറയില്‍ പതിയിരുന്ന് ആക്രമിക്കുന്ന തീവ്രവാദത്തിനും എതിരായിട്ടാണ് പ്രധാനമന്ത്രിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നും ബ്ലോഗ് വിവരിക്കുന്നു 

മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണാവശ്യാര്‍ത്ഥം ജയ്പൂരിനും 500ലധികം കിലോമീറ്ററുകള്‍ അപ്പുറം സൂരത് നഗര്‍ എന്ന സ്ഥലത്താണ് ഇപ്പോള്‍ താനുള്ളതെന്ന ആമുഖത്തോടെയാണ് ബ്ലോഗ് ആരംഭിക്കുന്നത്.