സംഘത്തിലെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോടില്‍ ബസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമം. കെഎസ്ആർടിസി ബസിനുള്ളില്‍ വച്ചാണ് സ്കൂൾ വിദ്യാർഥിനികൾക്കു നേരെ മൂന്നംഗസംഘം അപമര്യാദയോടെ പെരുമാറിയത്. സംഘത്തിലെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ പോത്തൻകോട് പൊലീസ് പിടികൂടി.
ഇന്നലെ രാവിലെ എട്ടോടെ മുരുക്കുംപുഴയിൽ നിന്നും പോത്തൻകോടേക്കു വന്ന ബസിലായിരുന്നു സംഭവം. ബസ്സില്‍ വച്ച് സ്കൂൾ വിദ്യാർഥിനികളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുട്ടികള്‍ ചെറുത്തിട്ടും ഇവർ വകവച്ചില്ല. ഒടുവില്‍ വിദ്യാർഥിനികൾ അധ്യാപകരെ ഫോണിലൂടെ വിവരം അറിയിച്ചു. തുടര്‍ന്ന് അധ്യാപകരും നാട്ടുകാരും ചേർന്നു ബസ് തടഞ്ഞിട്ടു.
കുട്ടികള്‍ പറഞ്ഞതനുസരിച്ച് ബസില്‍ പരിശോധന നടത്തിയ ശ്രീകാര്യം കല്ലംപള്ളി കലാമന്ദിരത്തിൽ താരാചന്ദ് എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇയാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഇടയ്ക്ക് ബസില്‍ നിന്നിറങ്ങി രക്ഷപ്പെട്ടു. സംഘത്തിലെ ഒരാൾ കൊയ്ത്തൂർക്കോണത്തു ബസ് സ്റ്റോപ്പിൽ ഇറങ്ങിയതായും സ്കൂൾ സമയങ്ങളിൽ രാവിലെയും വൈകിട്ടും ഇത്തരക്കാരുടെ ശല്യം പതിവാണെന്നും വിദ്യാർഥിനികൾ പറഞ്ഞു. പോക്സോ പ്രകാരം കേസെടുത്ത താരാചന്ദിനെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.
