കാസര്‍കോഡ്: കാസര്‍ഗോഡ് മദ്രസാ വിദ്യാര്‍ത്ഥികളും പ്രീമെട്രിക്ക് ഹോസ്റ്റലില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ത്ഥികളും പീഡനത്തിന് ഇരായായി. പ്രതികളായ മദ്രസാധ്യാപകനേയും ഹോസ്റ്റല്‍ വാര്‍ഡനേയും പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് തീരദേശമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മദ്രസയിലെ അധ്യാപകനാണ് കുട്ടികളെ പീഡിപ്പിച്ചത്. കര്‍ണാടക സുള്ള്യ സ്വദേശിയായ സിദ്ധീഖ് മൗലവിയാണ് പ്രതി. നാലു വര്‍ഷമായി സിദ്ധീഖ് മൗലവി ഈ മദ്രസയിലെ അധ്യാപകനാണ്.
പീഡനത്തിനിരയായ ഒരു കുട്ടി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതോടെ അധ്യാപകനെ പിരിച്ച് വിട്ട് പീഡന വിവരം ഒതുക്കി തീര്‍ക്കാനായിരുന്നു മദ്രസാ കമ്മിറ്റിയുടെ നീക്കം. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതുവരേ നാലുകുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡിന്റെ വടക്കന്‍ മേഖലയിലുള്ള സര്‍ക്കാര്‍ പ്രീമെട്രിക്ക് ഹോസ്റ്റലിലെ ദളിത് കുട്ടികളാണ് പീഡനത്തിനിരയായ മറ്റ് വിദ്യാര്‍ത്ഥികള്‍. ഹോസ്റ്റലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വാര്‍ഡനായി ജോലി ചെയ്യുന്ന ആദൂര്‍ സ്വദേശി മുഹമ്മദലിയാണ് പ്രതി. ജൂണ്‍ മാസത്തിലാണ് മുഹമ്മദലി ഇവിടെ വാര്‍ഡനായി ചേര്‍ന്നത്. സംഭവം പുറത്തറിഞ്ഞതോടെ മുങ്ങിയ പ്രതിയെ കര്‍ണാടകയില്‍ നിന്നുമാണ് പിടികൂടിയത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിലാണ് രണ്ട് കേസിലേയും പ്രതികളെ പിടികൂടിയത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നകാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരു സ്ഥാപനങ്ങളിലേയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിംഗ് നല്‍കാനാണ് അധികൃതരുടെ തീരുമാനം.
