ലാഹോര്‍: ഒളിച്ചോടിയ മകളെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തി. ബുധനാഴ്ചയായിരുന്നു സംഭവം. ലാഹോറിലാണ് മനുഷ്യ മനസാക്ഷിയെ നടക്കുന്ന സംഭവം അരങ്ങേറിയത്. ലാഹോറിലെ നഗരപ്രാന്തത്തില്‍ താമസിക്കുന്ന സീനത്ത് റഫീക്കിനെയാണ് അമ്മ പര്‍വീണ്‍ സീനത്തിന്‍റെ സഹോദരന്‍ അഹമ്മറിന്‍റെ സഹായത്തോടെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. കത്തിക്കും മുന്‍പ് ഓടിപോകാതിരിക്കാന്‍ ഇവര്‍ സീനത്തിന്‍റെ കൈയ്യും കാലും കെട്ടിയിട്ടിരുന്നു.

സീനത്തിന്‍റെ നിലവിളി കേട്ട്, അയല്‍ വീട്ടുകാര്‍ ഓടിയെത്തിയെങ്കിലും. പര്‍വീണും വീട്ടുകാരും ഇവരെ അകത്ത് കയറ്റാന്‍ സമ്മതിച്ചില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പിന്നീട് പോലീസ് എത്തിയാണ് വീട്ടിലെ സ്റ്റെയര്‍കെയ്സിന് അടുത്ത് കത്തിയ നിലയില്‍ സീനത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

സ്കൂള്‍ ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ച ഹസന്‍ ഖാന്‍ എന്ന യുവാവിന് ഒപ്പമാണ് കഴിഞ്ഞ മാസം സീനത്ത് ഒളിച്ചോടിയത്. ഇതിന് ശേഷം ഇവര്‍ വിവാഹിതരായി. പിന്നീട് തങ്ങളുടെ പിണക്കം മാറിയെന്ന് പറഞ്ഞ് സീനത്തിനെ അമ്മ തന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് ഹസന്‍ ആരോപിക്കുന്നത്. എന്നാല്‍ കൊലപാതകത്തില്‍ ഒരു കുറ്റബോധവും ഇല്ലെന്നാണ് പര്‍വീണ്‍ പോലീസിനോട് പറഞ്ഞത്. ലാഹോര്‍ പോലീസ് സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചു.