കുറ‌ഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത ലോൺ വാഗ്ദാനം നൽകി പണം തട്ടിയിരുന്നയാളെ കാസർഗോഡ് പൊലീസ് പിടികൂടി. തിരുവന്തപുരം ചിറയിൻകീഴ് സ്വദേശി സമീനാണ് പിടിയിലായത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ ആയിരക്കണക്കിന് പേർക്കാണ് തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടത്.

കുറഞ്ഞ പലിശയ്ക്ക് ലോൺ തരമെന്ന് അറിയിച്ച് മൊബൈൽ ഫോണിലേക്ക് സന്ദേശം അയച്ച്കൊണ്ടാണ് തട്ടിപ്പിന്റെ തുടക്കം. മെസേജ് കണ്ട് തിരികെ വിളിക്കുന്നവരോട് പത്ത് ലക്ഷം രൂപാവരെ ലോൺ നൽകുമെന്ന് അറിയിക്കും. താങ്കളുടെ കയ്യിലുള്ളത് കള്ളപ്പണമാണെന്നും ഇത് വെളുപ്പിക്കുന്നതിനായാണ് ലോൺ നൽകുന്നതെന്നുമാണ് ഇടപാടുകാരോട് പറയുന്നത്.

പിന്നീട് ലോൺ ശരിയാക്കുന്നതിനുള്ള ചിലവിലേക്കായി തുകയാവശ്യപ്പെടും. മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപാവരെയാണ് ആവശ്യപ്പെടുക. തുക കയ്യിലെത്തുന്നതോട് ഇടപാടുകാരുമായുള്ള ബന്ധം വിച്ഛേദിക്കലാണ് ഇയാളുടെ രീതി. കള്ളപ്പണമിടപാടാണെന്ന് നേരത്തെ പറഞ്ഞതിനാൽ പലരും പരാതിപെടാൻ പോലും തയ്യാറാവില്ല. ഈ മറവിലാണ് തട്ടിപ്പ് വളർന്നത്.

കഴിഞ്ഞ എട്ട് വർഷത്തിനിടെ ആയിരക്കണക്കിന് പേർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പിന് നിലവിൽ വേറെയും കേസുകളുണ്ട്.