കുമരകം: മനുഷ്യന്‍ കള്ളുകുടിച്ച്‌ വഴിയോരങ്ങളിലും വീടുകളിലും പ്രശ്‌നം ഉണ്ടാക്കുന്നത്‌ സ്വാഭാവികമാണ്‌. ഇവിടെ കള്ളടച്ച്‌ പൂസായത്‌ ഒരു കുരങ്ങനാണ്‌. കുമരകത്താണ്‌ കള്ളടിച്ച്‌ കുരങ്ങന്‍ നാട്ടുകാരുടെ സ്വൈര്യം കെടുത്തുന്നത്‌. കുമരകത്ത്‌ എങ്ങനയോ എത്തിപ്പെട്ട കുരങ്ങന്‍ ചെത്തുന്ന തെങ്ങിലെ കുടം പൊക്കി കള്ളുകുടിക്കുകയാണ്‌ പ്രധാന പരിപാടി . കള്ളു കുടി കഴിഞ്ഞാല്‍ സമീപത്തെ കടകളില്‍ കയറി പഴം തിന്നുകയും ചെയ്യും. ഇതോടെ പഴക്കുല കടക്കാര്‍ പുറത്തിറക്കാതെയായി.
വെള്ളമടിയും പഴം തീറ്റയും കഴിഞ്ഞാല്‍ കരിക്കു പറിക്കാനായി നേരെ തെങ്ങിലേക്കാണ്‌. കരിക്കു പറിക്കും, ഇതു പൊളിക്കാന്‍ കഴിയാതെ വന്നാല്‍ താഴേക്കിടും. കുമരകം ബോട്ടു ജെട്ടി ഭാഗത്താണ്‌ കുരങ്ങിന്റെ ശല്യം രൂക്ഷമായത്‌.
ഈ കുരങ്ങന്‍ കുമരകത്ത്‌ എത്തിയിട്ട്‌ നാളുകളേറെയായെന്ന്‌ നാട്ടുകാര്‍ പറയുന്നു. കള്ളിന്റെ ലഹരി അറിഞ്ഞിട്ടാണ്‌ കുരങ്ങന്‍ ഇവിടം വിട്ടു പോകാത്തതെന്നും ഇവര്‍ പറയുന്നു. ഇതിന്‌ മുന്‍പ്‌ ഇവിടെ എത്തിയ ഒരു കുരങ്ങിനെ വനം അധികൃതര്‍ കെണിവച്ച്‌ പിടിച്ചു കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ ഇങ്ങനെ കുടിച്ച്‌ പൂസ്സായി ശല്യമുണ്ടാക്കുന്ന കുരങ്ങിനെ പിടിച്ച്‌ ശല്യം ഒഴിവാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.