സ്വർണ്ണാഭരണങ്ങൾ അടങ്ങിയതായിരുന്നു ബാഗ്. കുരങ്ങന്റെ കൈയിൽ നിന്ന് പഴ്സ് വീണ്ടെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ദില്ലി: ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാഗുമായി മുങ്ങി കുരങ്ങൻ. 20 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളടങ്ങിയ ബാഗുമായാണ് കുരങ്ങൻ മരംകയറിയത്. യുപിയിലെ മഥുരയിലെ വൃന്ദാവനിലെ താക്കൂർ ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. കുരങ്ങൻ ഏറെ നേരം പരിഭ്രാന്തി പരത്തി. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ അഭിഷേക് അഗർവാൾ കുടുംബത്തോടൊപ്പം വൃന്ദാവനിലെത്തി ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ കുരങ്ങൻ ഭാര്യയുടെ പഴ്‌സ് തട്ടിയെടുത്തു.
സ്വർണ്ണാഭരണങ്ങൾ അടങ്ങിയതായിരുന്നു ബാഗ്. കുരങ്ങന്റെ കൈയിൽ നിന്ന് പഴ്സ് വീണ്ടെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മണിക്കൂറുകൾക്ക് ശേഷം കുറ്റിക്കാട്ടിൽ നിന്ന് പഴ്സ് കണ്ടെടുത്ത് കുടുംബത്തിന് കൈമാറി. പഴ്സിനുള്ളിലെ ആഭരണങ്ങൾ കേടുകൂടാതെയിരിക്കുന്നതായി പൊലീസ് പറഞ്ഞു.
ബാഗ് കുടുംബത്തിന് തിരികെ നൽകി. സദറിലെ സർക്കിൾ ഓഫീസർ സന്ദീപ് കുമാർ സംഭവം സ്ഥിരീകരിച്ചു. പൊലീസിന്റെ വേഗത്തിലുള്ള നടപടിയിലൂടെ കുരങ്ങൻ തട്ടിയെടുത്ത പഴ്സും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
