കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് കൗതുകരമായ മോഷണം നടന്നത്. കടയുടെ തൊട്ടടുത്ത് നിന്ന് അകത്തേക്ക് കയറിയ ഒരു കുരങ്ങന്‍ ക്യാഷ് കൗണ്ടറില്‍ നിന്ന് 10,000 രൂപയും കൈക്കലാക്കി മുങ്ങുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന പേരയ്ക്ക കുരങ്ങന്‍ ആദ്യം കടയിലേക്കെറിഞ്ഞു. കടയിലെ ജീവനക്കാര്‍ ഇതെടുത്ത് തിരികെ എറിഞ്ഞു. തുടര്‍ന്ന് കടയ്ക്കുള്ളിലേക്ക് കടന്നുവന്ന കുരങ്ങന്‍ ജീവനക്കാരെ ആക്രമിക്കാനൊരുങ്ങി. ജീവനക്കാര്‍ പേടിച്ച് അകലേയ്ക്ക് മാറി നിന്നു. 20 മിനിറ്റോളം ക്യാഷ് കൗണ്ടറിന് സമീപത്ത് ഇരുന്ന കുരങ്ങന്‍ മേശ തുറന്ന് പതിനായിരം രൂപയുടെ ഒരു കെട്ടും കൊണ്ടാണ് മടങ്ങിയത്.

കുരങ്ങന്‍ മേശവലിപ്പ് തുറക്കുന്നതും എന്തിനോ വേണ്ടി പരതുന്നതും ഒടുവില്‍ ഒരു കെട്ട് നോട്ടുമായി തിരിച്ച് പോകുന്നതും കടയിലെ സിസിവിടി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ജീവനക്കാര്‍ മോഷ്ടാവിനെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ പ്രദേശത്ത് പണവും സാധനങ്ങളും കുരങ്ങന്മാര്‍ തട്ടിപ്പറിക്കുന്നത് നിത്യസംഭമാണത്രെ. ഇടയ്ക്കിടയ്ക്ക് കുരങ്ങന്മാര്‍ തട്ടിപ്പറിക്കുന്ന പണം വഴിവക്കില്‍ നിന്നൊക്കെ മറ്റുള്ളവര്‍ക്ക് കിട്ടാറുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.