റോഡിലൂടെ നടന്ന്‌ നീങ്ങുകയായിരുന്ന യുവാവിന്റെ രണ്ട് ലക്ഷം രൂപ അടങ്ങിയ ബാഗ്‌ ഒരു കൂട്ടം കുരങ്ങന്മാര്‍ ചേര്‍ന്ന്‌ തട്ടിപ്പറിച്ചു

ആ​ഗ്ര: പണം തട്ടിയെടുക്കുന്ന കള്ളന്മാരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. മറിച്ച്‌ ഒരു കൂട്ടം കുരങ്ങന്മാര്‍ പണം തട്ടിയെടുത്താല്‍ എങ്ങനെയിരിക്കും. ആഗ്രയിലാണ്‌ ഞെട്ടിപ്പിക്കുന്ന സംഭവം. റോഡിലൂടെ നടന്ന്‌ നീങ്ങുകയായിരുന്ന യുവാവിന്റെ രണ്ട് ലക്ഷം രൂപ അടങ്ങിയ ബാഗ്‌ ഒരു കൂട്ടം കുരങ്ങന്മാര്‍ ചേര്‍ന്ന്‌ തട്ടിപ്പറിക്കുകയായിരുന്നു. വിജയ് ബന്‍സാല്‍ എന്ന ആള്‍ക്കാണ് പണം നഷ്ടമായത്. ബാഗ് തട്ടിപ്പറിക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കുരങ്ങന്‍മാരുമായുള്ള മല്‍പ്പിടിത്തത്തിനിടെ 60,000 രൂപയോളം യുവാവിന് തിരികെ കിട്ടി. കുരങ്ങന്‍മാര്‍ അപ്രതീക്ഷിതമായി തന്റെ കൈയില്‍ നിന്ന് ബാഗും തട്ടിപ്പറിച്ച്‌ ദൂരേക്ക്‌ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് വിജയ് ബന്‍സാല്‍ പറഞ്ഞു. ആ​​ഗ്രയിൽ ഇത് നിത്യസംഭവമാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പരിശീലനം നല്‍കി കുരങ്ങന്‍മാരെക്കൊണ്ട് ബാഗ് തട്ടിപ്പറിക്കുന്ന സംഘമാണോ ഇതിന് പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തു.

അടുത്തിടെ താജ് മഹൽ കാണാനെത്തിയ ഒരു സംഘം ടൂറിസ്റ്റുകളെ കുരങ്ങന്മാർ ആക്രമിച്ചിരുന്നു. ടൂറിസ്റ്റുകൾ കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് സമീപവാസികൾ പറഞ്ഞു.