ഇടുക്കി രാജക്കാടിൽ ഉരുൾപൊട്ടലിൽ ഒന്നരയേക്കർ കൃഷിയിടം ഒലിച്ച് പോയി.

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ഇന്ന് അഞ്ച് മരണം. ഇതോടെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനാലായി. ഇടുക്കി രാജക്കാടിൽ ഉരുൾപൊട്ടലിൽ ഒന്നരയേക്കർ കൃഷിയിടം ഒലിച്ച് പോയി. ഇടുക്കി, വയനാട് ജില്ലകളിലാണ് മഴ ഇന്ന് ഏറെ നാശനഷ്ടം വിതച്ചത്. കനത്ത മഴയിൽ പലയിടത്തും ഉരുൾപൊട്ടലും മണ്ണിടിച്ചുലുമുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. അമ്പതോളം വീടുകൾ ഭാഗികമായി തകർന്നു. 

കാറ്റിൽ മരം വീണും, കുളത്തിൽ മുങ്ങിയും, ഷോക്കേറ്റുമാണ് ആലപ്പുഴയിലും, അടിമാലിയിലും, തിരുവനന്തപുരത്തും 4 പേർ മരിച്ചത്. കഴിഞ്ഞ ദിവസം മരം വീണ് ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരൻ മലപ്പള്ളി സ്വദേശി അക്ഷയും ഇന്ന് മരിച്ചു. ഇടുക്കി രാജക്കാടാണ് ഉരുൾപൊട്ടി ഒന്നരയേക്കർ കൃഷിയിടം നശിച്ചത്. മഴയെ തുടർന്ന് ഇടുക്കിയിൽ തിങ്കളാഴ്ച പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തൃശൂർ ചാവക്കാടും, കൊച്ചി ചെല്ലാനത്തും കടലാക്രമണത്തെ തുടർന്ന് വീടുകളിൽ വെള്ളം കയറി. വരുന്ന ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.