തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മഴ ലഭിക്കുമ്പോളും മഴയുടെ അളവില്‍ ഇത്തവണ 25 ശതമാനം കുറവെന്ന് കണക്കുകള്‍. വയനാട്ടിലാണ് മഴ ഏറ്റവും കുറവ്. വയനാട്ടില്‍ 54 ശതമാനം മഴ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും വയനാട്ടില്‍ മഴ കുറയുന്നത് ആശങ്കയോടെയാണ് വിദഗ്ധര്‍ കാണുന്നത്.

കേരളത്തിലെ മഴയുടെ 70 ശതമാനവും തെക്ക്  പടിഞ്ഞാറന്‍  മണ്‍സൂണില്‍ നിന്നാണ്. സെപ്തംബര്‍ വരെ  നീണ്ട് നില്‍ക്കുന്ന തെക്ക് പടിഞ്ഞാറന്‍ സീസണിലും മഴ മേഘങ്ങള്‍ സംസ്ഥാനത്തെ തുണച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.  ഇതുവരെ രേഖപെടുത്തിയിരിക്കുന്നത്. ആകെ ലഭിക്കേണ്ട മഴയില്‍ ഇതുവരെ 25 ശതമാനം  കുറവ്. കാസര്‍കോട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളൊഴികെ എല്ലായിടത്തും മഴ കുറഞ്ഞു.

എറ്റവും കുറവ് വയനാട്ടിലാണ്. 54 ശതമാനം. തൊട്ട് മുന്‍പത്തെ  വര്‍ഷങ്ങളില്‍ യഥാക്രമം 55 , 37 ശതമാനം  മഴകുറവാണ് വയനാട്ടില്‍ ഉണ്ടായിട്ടുള്ളത്. വടക്ക് കിഴക്കന്‍ മണ്‍സൂണില്‍  നിന്ന് സംസ്ഥാനത്തിന് പരമാവധി ലഭിക്കുക 15 ശതമാനം മഴ മാത്രമാണ്. അതുകൊണ്ടുതന്നെ  വയനാടുള്‍പ്പെടെയുള്ള ജില്ലകളില്‍ അടുത്ത വേനലിലും വരള്‍ച്ചക്ക് സാധ്യത ഉണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കേരളത്തില്‍ ഒരു മഴവര്‍ഷത്തില്‍ ലഭിക്കേണ്ടത് ആകെ 3000 മില്ലിമീറ്റര്‍ മഴയാണ്. 1713 മില്ലി മീറ്റര്‍ ലഭിച്ചാല്‍ സാധാരണ മഴക്കാലമെന്ന് വിലയിരുത്താം.ഇക്കുറി ഇതുവരെ ലഭിച്ചത്  1287.6 മില്ലിമീറ്റര്‍ മാത്രമാണ്.രാജ്യത്ത് കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ മാത്രമാണ് മഴക്കുറവ് രേഖപെടുത്തിയിരിക്കുന്നത്.