മൂന്നാറില്‍ നാളെ കടകളടച്ച് സമരം. മൂന്നാറിലുള്ളവരെ മുഴുവന്‍ കയ്യേറ്റക്കാരായി ചിത്രീകരിക്കാനും വിനോദ സഞ്ചാരമേഖലയെ തകര്‍ക്കാനും ശ്രമിക്കുന്നുവെന്നാരോപിച്ച് മൂന്നാര്‍ ജനകീയ സമര സമിതിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്നാറില്‍ നൂറ്റാണ്ടുകളായി താമസിക്കുന്നവരെ കയ്യേറ്റക്കാരും റിസോര്‍ട്ട് മാഫിയക്കാരും ഭൂമാഫിയക്കാരുമായി ചിത്രീകരിക്കാന്‍ ചില മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമം നടത്തുന്നു എന്നാരോപിച്ചാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ മത-രാഷ്‌ട്രീയ-സാമൂഹ്യ സംഘടനകളും വ്യാപാരികളും ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന മൂന്നാര്‍ ജനകീയ സമര സമിതിയാണ് സമരത്തിന് നേതൃത്വം ന്‍ല്‍കുന്നത്. ഓരോ വര്‍ഷവും വിനോദ സഞ്ചാര സീസണ്‍ ആരംഭിക്കുമ്പോള്‍ ഇത്തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്‌ടിച്ച് വിനോദ സഞ്ചാര മേഖലയെ തകര്‍ക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് ഇവരുടെ പ്രധാന ആരോപണം. ഇടുക്കിയില്‍ എവിടെ കയ്യേറ്റം നടന്നാലും അത് മൂന്നാറില്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
ഉച്ചകഴിഞ്ഞ മൂന്ന് മണി മുതലാണ് കടകളടച്ച് സമരം. ടൗണില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്. ജെല്ലിക്കെട്ടിന് അനുമതി ലഭിക്കാന്‍ തമിഴ്നാട്ടില്‍ നടത്തിയ രീതിയിലുള്ള സമരങ്ങള്‍ നടത്താന്‍ വേണ്ടി വന്നാല്‍ തയ്യാറെടുക്കണമെന്നും സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.
