കൊച്ചി: രാത്രിയില്‍ വീട്ടിലേക്ക് പോകാനിറങ്ങിയ ദളിത് സാമൂഹ്യപ്രവര്‍ത്തകയ്ക്കും മാധ്യമ പ്രവര്‍ത്തകനും നേരെ പോലീസിന്റെ സദാചാര ഗുണ്ടായിസം. കോഴിക്കോട് വടകര സ്വദേശിയും ദളിത് സാമൂഹ്യപ്രവര്‍ത്തകയുമായ ബര്‍സ എന്ന അമൃതാ ഉമേഷിനും സുഹൃത്തും നാരദാ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനുമായ പ്രതീഷ് രമയ്ക്കുമാണ് പോലീസിന്റെ സദാചാര ഗുണ്ടായിസത്തിന്റെ ഇരകളാകേണ്ടി വന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് സംഭവം. വീട്ടിലേക്ക് പോകാനായി രാത്രി നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേക്ക് നടക്കവേ മാതൃഭൂമി ജങ്ഷന് സമീപത്ത് രണ്ട് ബീറ്റ് പോലീസുകാരെ ബര്‍സ കണ്ടുമുട്ടുന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
ബര്‍സയോട് രാത്രിയില്‍ എവിടെ പോകുന്നു എന്ന് ചോദിച്ച ശേഷം തിരിച്ചുപോയ ബീറ്റ് പോലീസ് വിളിച്ചു പറഞ്ഞതനുസരിച്ച് എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസെത്തി ബര്‍സയോട് നിരന്തരം അശ്ലീലത കലര്‍ന്ന ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. മനുഷ്യനെന്നോ സ്ത്രീയെന്നോയുള്ള പരിഗണന പോലും നല്‍കാതെ തീര്‍ത്തും അമാന്യമായാണ് പോലീസുകാര്‍ പെരുമാറിയത്. സ്ത്രീ പോലീസുകാരായി എസ്.എച്ച്.ഒ ത്രേസ്യ സോസയും പ്രീത ആന്റണിയും ഉണ്ടായിരുന്നെങ്കിലും തന്നെ തല്ലിയതും അപമാനിച്ചതും ഇവരായിരുന്നെന്നും അമൃത ഉമേഷ് പറഞ്ഞു.
അമൃതയില്‍ നിന്നും ഫോണും ബാഗും പിടിച്ചുവാങ്ങിയ പോലീസ് രാത്രിയില്‍ അമൃതയുടെ വീട്ടിലേക്ക് വിളിക്കുകയും വീട്ടുകാരോട് എത്രയും പെട്ടെന്ന് പോലീസ് സ്‌റ്റേഷനിലെത്താന്‍ പറയുകയും ചെയ്തു. ഇതിനിടെ അമൃതയുടെ സുഹൃത്ത് പ്രതീഷിനെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. പോലീസിന്റെ പ്രവര്‍ത്തി ചോദ്യം ചെയ്ത പ്രതീഷിനെ പോലീസ് റോഡില്‍ വച്ച് തന്നെ മര്‍ദ്ദിക്കുകയും വിലക്കണിയിച്ച് ജീപ്പിലേക്ക് തള്ളുകയുമായിരുന്നു. പോലീസ് ജീപ്പില്‍ വച്ചും പോലീസ് തന്നെ നിരന്തരം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പ്രതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ പോലീസ് അതൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്നും പ്രതീഷ് പറഞ്ഞു.
പോലീസ് സ്‌റ്റേഷനില്‍ വച്ചും ഇരുവരുടെയും സ്വകാര്യതയേ അപമാനിക്കുകയും ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദിച്ചവശനാക്കിയ പ്രതീഷിനെ പോലീസ് അടിവസ്ത്രം മാത്രം ഇടീച്ച് രാത്രി മുഴുവന്‍ ഒരു കൊടും കുറ്റവാളിയെപോലെ സെല്ലില്‍ അടയ്ക്കുകയായിരുന്നു.
പോലീസിനോട് തങ്ങള്‍ കുറ്റവാളികളല്ലെന്നും പൗരന്റെ അവകാശങ്ങളെക്കുറിച്ചും പറഞ്ഞപ്പോള്‍ ' ഞങ്ങളെ പൗരാവകാശം പഠിപ്പിക്കാറായോ തായോളി' എന്നായിരുന്നു പോലീസ് തിരിച്ച് പറഞ്ഞതെന്നും പ്രതീഷ് പറഞ്ഞു. ' നീ ഞങ്ങളോട് കളിക്കണ്ട. വേണ്ടിവന്നാല്‍ ഞങ്ങള്‍ നിന്നെ കൊന്നുകളും' എന്ന് സെല്ലില്‍ കിടക്കുന്ന സമയം പോലീസ് തന്നെ ഭീഷണിപ്പെടുത്തിയതായും പ്രതീഷ് പറഞ്ഞു. നെഞ്ചിനും തലയ്ക്കും പരിക്കേറ്റ പ്രതീഷ് ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് അക്രമത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പോലീസിന്റെ സദാചാര പോലീസിങ്ങിനെതിരെ ഇന്ന് വൈകീട്ട് 4.30 ന് എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘിപ്പിച്ചിട്ടുണ്ട്.
