മലപ്പുറം: മലപ്പുറം മങ്കടയില്‍ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചത് സദാചാരക്കൊലയെന്ന് നിഗമനം. പരിശോധനയില്‍ വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തി. യുവാവിനെ ചുമരില്‍ ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. കൂട്ടില്‍ കുന്നശ്ശേരി നസീര്‍(40) ആണ് മരിച്ചത്. ഒരു സംഘം ആളുകളുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ നസീറിനെ പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒരു വീടിന് സമീപം സംശയാസ്‌പദമായി കണ്ടുവെന്ന് ആരോപിച്ചാണ് യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. വീട്ടിനകത്തു കയറി, ചുമരിനോടു ചേര്‍ത്തുനിര്‍ത്തിയാണ് നസീറിനെ മര്‍ദ്ദിച്ചത്. തലയ്‌ക്ക് ഏറ്റ മാരകമായ പരിക്കാണ് മരണ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.