പാലക്കാട്: കൊല്ലം അഴീക്കലില്‍വെച്ച് സദാചാര ഗുണ്ടകള്‍ അക്രമിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് അട്ടപാടി കാരറ സ്വദേശി അനീഷിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അനീഷിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഫെബ്രുവരി 14ന് കൊല്ലം അഴീക്കലില്‍വെച്ചാണ് അനീഷിനും പെണ്‍സുഹൃത്തിനും സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ബിജു, അഭിലാഷ്, ജിനേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ അനീഷ് തിരിച്ചറിയുകയും ചെയ്തിരുന്നു.

ഫെബ്രുവരി 14ന് കൊല്ലം അഴീക്കലില്‍ ബീച്ച് കാണാന്‍ എത്തിയ യുവതി യുവാക്കള്‍ക്ക് നേരെയാണ് സദാചാര ഗുണ്ടകളുടെ അതിക്രമം ഉണ്ടായത്. പ്രാഥമികമായ ആവശ്യങ്ങള്‍ക്കായി ബീച്ചിലെ ആളൊഴിഞ്ഞ ഭാഗത്തേയ്‌ക്ക് പോയ പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. ശബ്ദം കേട്ട ഓടിയെത്തിയ അനീഷിനെ മറ്റു മൂന്നു പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയും യുവതിയുമായി ചേര്‍ത്ത് നിര്‍ത്തി വീഡിയോ എടുത്ത് സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കുടുംബത്തേയും കൂട്ടി പെണ്‍കുട്ടിയും അനീഷും സിറ്റി പൊലീസ് കമ്മീഷണറെ കണ്ടു പരാതി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെയും അനീഷിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിതിന് പിന്നാലെ അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ അറസ്റ്റു ചെയ്യാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് കര്‍ശന നിര്‍ദേശം നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ അറസ്റ്റിലായത്. പൊതുസ്ഥലത്ത് സ്‌ത്രീത്വത്തെ അപമാനിക്കല്‍, സ്‌ത്രീയുടെ ചിത്രങ്ങളെടുക്കല്‍,ദേഹോപദ്രവും ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരുന്നത്.