കൊച്ചി: കൊച്ചി മറൈൻഡ്രൈവിൽ ശിവസേന പ്രവർത്തകർ അഴിഞ്ഞാടിയ സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ചയെന്ന് പ്രാഥമിക നിഗമനം. യുവതീയുവാക്കളെ ശിവസേനക്കാർ അടിച്ചോടിക്കുമ്പോൾ പൊലീസുകാർ കാഴ്ചക്കാരായി നിന്നത് നാണക്കേടായെന്നാണ് ഉന്നതഉദ്യോഗസ്ഥരുടെ നിലപാട്.എസ് ഐയെ സസ്പെൻഡ് ചെയ്ത എറണാകുളം റേഞ്ച് ഐജി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് എസിപിക്ക് നിർദേശം നൽകി.

കൊച്ചി മറൈൻഡ്രൈവിൽ വിശ്രമിക്കാനെത്തിയ യുവതീയുവാക്കൾ സദാചാര വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ശിവസേന പ്രവർത്തകരുടെ അതിക്രമം. പൊലീസിന്റെ അകമ്പടിയോടെയെത്തിയ ശിവസേനക്കാർ കമിതാക്കളെ ചൂരൽ കൊണ്ട് അടിച്ചോടിച്ചു.കുട്ടികള്‍ പ്രാണരക്ഷാർത്ഥം ഭയന്നോടുമ്പോൾ പൊലീസ് വെറും കാഴ്ചയ്ക്കാരായി നിന്നു.

മറൈൻഡ്രൈവിൽ അഴിഞ്ഞാടിയ ശിവസേനക്കാരെ തടയാന്‍ പൊലീസ് തയ്യാറായില്ല. ശിവസേനക്കാരുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷധം വ്യാപകമായതോടെ ആദ്യം നടപടിയെടുക്കാതിരുന്ന പൊലീസ് പ്രതികളെ തേടിയിറങ്ങി. ജില്ലാ നേതാവുള്‍പ്പടെ എട്ടു പേരെ അറസ്റ്റ് ചെയ്തു. അക്രമികൾക്ക് കൂട്ടുനിന്ന പോലീസ് നടപടിക്കെതിരെ സിപിഎമ്മും ബിജെപിയും ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധത്തെത്തുടർന്ന് സെൻട്രൽ എസ് ഐ വിജയശങ്കറിനെ സസ്പെൻഡ് ചെയ്തു.കാഴ്ചക്കാരായി നിന്ന 8 പോലീസുകാരെ അച്ചടക്ക നടപടികളുടെ ബാഗമായി ഏ ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. അക്രമം തടയുന്നതിൽ പോലീസിന് ഗുരുതര വീഴ്ച പററിയെന്നാണ് കണ്ടെത്തൽ.മറൈൻ ഡ്രൈവിൽ ശിവസേനയുടെ അതിക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ മുന്നിറിയിപ്പ് നൽകിയിരുന്നെങ്കിലും ലോക്കൽ പൊലീസ് അവഗണിച്ചെന്നാണ് റിപ്പോർട്ട്. സുരക്ഷ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് എസിപിയ്ക്ക് നിർദേശം നൽകിയെന്ന് എറണാകുലം റേഞ്ച് ഐജി അറിയിച്ചു.