ദില്ലി: ഒറ്റയടിക്ക് മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നൽകുന്നതാണ് ലോക്സഭ ഇന്നലെ പാസാക്കിയ ബിൽ. തലാഖിന് ഇരയാകുന്നവര്‍ക്ക് ജീവനാംശവും ബില്ല് ഉറപ്പാക്കുന്നു.

സിവിൽ കേസായിരുന്ന വിവാഹ മോചനം ക്രിമിനൽ കേസായി മാറുന്നുവെന്നതാണ് മുസ്ലിം സംരക്ഷണ ബില്ലിന്‍റെ ഒരു സവിശേഷത. ബില്ലിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്. മുസ്ലിം വനിത വിവാഹ സംരക്ഷണ നിയമം എന്നായിരിക്കും പുതിയ നിയമം അറിപ്പെടുക. മുസ്ലിം ഭര്‍ത്താവ് വാക്കിലൂടേയോ എഴുത്തിലൂടേയോ വാട്സ് ആപ്പ്, ഫോൺ, ഇ-മെയിൽ തുടങ്ങിയ ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൂടെയോ തലാഖ് ചൊല്ലുന്നത് നിയമവിരരുദ്ധവും നിലനിൽക്കാത്തതുമാക്കി. ഇങ്ങനെ തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കൻമാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ചുമത്തും. തലാഖ് കാരണം മൊഴി ചൊല്ലപ്പെടുന്ന സ്ത്രീയ്ക്കും കുട്ടിയ്ക്കും ഒരു ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നിശ്ചയിക്കുന്ന ജീവനാംശം നൽകണം. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം നിര്‍ത്താൻ നിയമം അവകാശം നൽകുന്നു. ഇതിനുള്ള വ്യവസ്ഥകൾ മജിസ്ട്രേറ്റ് തീരുമാനിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന കേസ് ജാമ്യം കിട്ടാത്തതായിരിക്കുമെന്നതാണ് ബില്ലിലെ അവസാനത്തെ വ്യവസ്ഥ. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം നടപ്പാക്കാനാണ് ബില്ല് കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ ബില്ലിൽ വിശദീകരിച്ചിട്ടുണ്ട്. ലിംഗ നീതി -ലിംഗ സമത്വം എന്നിവ വിവാഹിതരായ മുസ്ലിംകൾക്ക് ഉറപ്പാക്കാനും അവരുടെ മൗലിക അവകാശങ്ങൾ സംരക്ഷിക്കാനും ബില്ല് ഇടവരുത്തുമെന്നും ഇതിന്‍റെ ലക്ഷ്യങ്ങളിൽ സര്‍ക്കാര്‍ വിശദീകരിക്കുന്നു.