ഏഷ്യൻ ഏജിലെ മുൻ മാധ്യമപ്രവർത്തകയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം നടത്തിയെന്നാണ് വെളിപ്പെടുത്തൽ.
ദില്ലി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെ ആരോപണവുമായി കൂടുതൽ മാധ്യമപ്രവർത്തകർ രംഗത്തെത്തി. അക്ബർ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്ത ഗസാല വഹാബ് തുറന്നെഴുതി. മന്ത്രി രാജി വയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ആരോപണത്തോട് എം ജെ അക്ബറും ബിജെപിയും പ്രതികരിച്ചില്ല.
'മന്ത്രിയും മുൻ എഡിറ്ററുമായ എം ജെ അക്ബർ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി' ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവർത്തക തുറന്ന് എഴുതിയത്. ദില്ലിയിലെ ഏഷ്യൻ ഏജ് ഓഫീസിൽ ജോലി ചെയ്ത ആറു മാസം അക്ബർ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം.
വഴങ്ങാത്തപ്പോൾ ജ്യോതിഷ പംക്തി കൈകാര്യം ചെയ്ത സ്ത്രീയെ അയച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു. പുസ്കങ്ങൾ വായിച്ച് ബിംബമായി കരുതിയിരുന്ന വ്യക്തിയിൽ നിന്നാണ് ഈ അനുഭവം ഉണ്ടായത്. ഒടുവിൽ രാജികത്ത് എം ജെ അക്ബറിൻറെ സെക്രട്ടറിയെ ഏൽപിച്ച് അവിടെ നിന്ന് കടന്നു എന്നും ഗസാല വഹാബ് പറയുന്നു.
അക്ബറിൽ നിന്ന് ദുരനുഭവം ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ഏഴാമത്തെ മാധ്യമപ്രവർത്തകയാണ് ഗസാല. അക്ബറിനെതിരെയുള്ള തുറന്നെഴുത്തുകൾ ശരിയെന്ന് നേരിട്ട് അറിയാമെന്ന് സാബാ നഖ്വിയും മധുപൂർണ്ണിമ കിശ്വാറും വ്യക്തമാക്കി. പ്രധാനമന്ത്രി, മന്ത്രിയുടെ രാജി ആവശ്യപ്പെടണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു
എംജെ അക്ബർ മൗനം തുടരുകയാണ്. പ്രതികരിക്കേണ്ടതില്ല എന്ന നിർദ്ദേശമാണ് അമിത് ഷാ ബിജെപി വക്താക്കൾക്ക് നല്കിയിരിക്കുന്നത്. കേന്ദ്ര മന്ത്രി മനേകാ ഗാന്ധിക്കൊപ്പം ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മയും മീ ടു വെളിപ്പെടുത്തലിനെ പിന്തുണച്ചു. അപരാധികൾക്കെതിരെ നിയമനടപടി വേണമെന്നും വനിതാകമ്മീഷൻ നിർദ്ദേശിച്ചു
