കൊച്ചി: നടിക്കെതിരായ ആക്രമണത്തിലെ ഗുഢാലോചന കേസിൽ ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കാനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും റൂറൽ എസ്പി എ.വി. ജോർജ്. ദിലീപിനെ കസ്റ്റഡിയിൽ ലഭിച്ച ശേഷം കൂടുതൽ ചോദ്യം ചെയ്യുകയും തെളിവെടുപ്പിനായി നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോകുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത ലഭിക്കാനായിട്ടാണു പോലീസ് ശ്രമിക്കുന്നത്. 2013 ഏപ്രിലിൽ കൊച്ചിയിലെ ഹോട്ടൽ അബാദ് പ്ലാസയിൽ വച്ചാണ് ആദ്യമായി ഗുഢാലോചന നടത്തിയതെന്ന സൂചനയാണ് പോലീസ് നൽകുന്നത്. ദിലീപിന്റെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്റെ വ്യക്തിവൈരാഗ്യമാണ് ക്വട്ടേഷനിൽ എത്തിച്ചതെന്നാണ് വിവരം.
എന്നാൽ നടിയെ ആക്രമിക്കാൻ സുനിക്ക് 1.5 കോടി ദിലീപ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പണം നൽകിയില്ല. തൃശൂരിൽ "ജോർജേട്ടൻസ് പൂരം' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ഇരുവരും കാണുകയും പിന്നീട് 10,000 രൂപ നൽകി ക്വട്ടേഷൻ ഉറപ്പിക്കുകയും ചെയ്തിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
