കോഴിക്കോട്: നാദാപുരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ കൊലപെടുത്തിയ കേസില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ കൂടെ അറസ്റ്റിലായി. വെള്ളൂര്‍ സ്വദേശികളായ ജിതിന്‍, ഷാജി എന്നിവരാണ് പിടിയിലായത്.

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിനെ കൊലപെടുത്തിയ സംഘത്തിന് വഴി കാണിച്ചുകൊടുത്തവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. രാവിലെയാണ് ജിതിന്‍, ഷാജി, എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. രണ്ട് പേര്‍ കൂടെ പൊലീസിന്റെ കസ്റ്റഡിയിലുണ്ട് .ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 

പ്രതികള്‍ സഞ്ചരിച്ച മാരുതി വാഗണ്‍ ആര്‍ കാറും, ബൈക്കും കണ്ടെത്തിയിട്ടുണ്ട്.അറസ്റ്റിലായ ഇരുവരെയും വൈകിട്ട് നാദാപുരം കോടതിയില്‍ ഹാജരാക്കും.കൊലയാളികള്‍ക്ക് ഇന്നോവ കാര്‍ വാടകക്ക് നല്‍കിയത് വളയം സ്വദേശി സുമോഹന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്ന് വാഹന ഉടമ നിധിന്‍ മൊഴി നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നടന്ന രാഷ്ട്രീയ കൊലപാതക കേസില്‍ പ്രതിയായ സുമോഹനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

അസ്ലമിനെ കൊല്ലാന്‍ ഒത്താശ ചെയ്ത നാദാപുരം വെള്ളൂര്‍ സ്വദേശി രമീഷിനെയും കൊലയാളികള്‍ക്ക് ഒളിത്താവളം ഒരുക്കിയ കാസര്‍കോട് ബങ്കളം സ്വദേശി അനിലിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാദാപുരത്തെ സിപിഐ(എം) പ്രവര്‍ത്തകന്‍ ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ മുഹമ്മദ് അസ്ലമിനെ കഴിഞ്ഞമാസം 12 നായിരുന്നു വെട്ടിക്കൊന്നത്.