ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന പരാതി നിർബന്ധിപ്പിച്ച് എഴുതി വാങ്ങിയെന്ന് പിതാവിന് അയച്ച കത്തിൽ ജലന്ദറിലെ മഠത്തിലെ അന്തേവാസിയായ സിസ്റ്റർ അനുപമ
തിരുവല്ല: ജലനേദർ ബിഷപ്പ് മകൾക്കെതിരെ വധഭീഷണി മുഴക്കിയെന്ന് സഭയിലെ കന്യാസ്ത്രീയുടെ പിതാവിന്റെ വെളിപ്പെടുത്തൽ. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന പരാതി നിർബന്ധിപ്പിച്ച് എഴുതി വാങ്ങിയെന്ന് പിതാവിന് അയച്ച കത്തിൽ ജലന്ദറിലെ മഠത്തിലെ അന്തേവാസിയായ സിസ്റ്റർ അനുപമ പറയുന്നു.
അനുപമ നൽകിയ വിവരം പിതാവ് വർഗ്ഗീസ് പരാതിയായി കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുൻപാകെ എത്തിച്ചെങ്കിലും ആലഞ്ചേരി പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിച്ചെന്നും തുറവൂർ സ്വദേശിയായ വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെയും കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയേയും ഒരേ പോലെ പ്രതിക്കൂട്ടിലാക്കുന്നതാണ് തുറവൂർ സ്വദേശിയായ സിസ്റ്റർ അനുപമയുടെ പിതാവിന്റെ വെളിപ്പെടുത്തൽ.
കുറവിലങ്ങാട് നിന്നും ജലന്ദറിലേക്ക് സ്ഥലം മാറിയെത്തിയ സിസ്റ്റർ തന്റെ നിയമനം വൈകുന്നതിന്റെ കാരണം ആരായാൻ ബിഷപ്പിനെ ചെന്ന് കണ്ടു. 2017 നവംബറിലായിരുന്നു അത്. എന്നാൽ തന്റെ പരാതി കേൾക്കാൻ തയ്യാറാകാത്ത ബിഷപ്പ് ,ബലാത്സംഗത്തിനിരയായ സിസ്റ്റർക്കെതിരെ താൻ പറയുന്ന കാര്യങ്ങൾ പരാതിയായി എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു.
മദർ സുപ്പീരിയരുടെ കൺമുന്നിലായിരുന്നു സംഭവം.ദിവസങ്ങൾക്കകം ഇക്കാര്യം മകൾ പിതാവിന് എഴുതി അയച്ചു. കത്തുമായി വർഗീസ് മാർ ജോർജ്ജ് ആലഞ്ചേരിയെ സമീപിച്ചു. എന്നാൽ കാര്യങ്ങൾ താൻ നോക്കാം, ആരോടും പറയണ്ട എന്നായിരുന്നു ആലഞ്ചേരിയുടെ മറുപടിയെന്ന് വർഗീസ് പറയുന്നു.
ബിഷപ്പിനെതിരായ പീഡനക്കേസിൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കൂടുതൽ പരാതികൾ ബിഷപ്പിനെതിരെ ഉയരുന്നത്. കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുപ്പിന് പിന്നാലെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിൽ നടന്ന മൊഴിയെടുപ്പിൽ ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി ബന്ധുക്കൾ ആവർത്തിച്ചു.
കന്യാസ്ത്രീയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയെന്ന ബിഷപ്പിന്റെ പരാതിയുടെ കൂടി അടിസ്ഥാനത്തിൽ ആയിരുന്നു ആറ് മണിക്കൂർ നീണ്ട മൊഴിയെടുപ്പ്. മൊഴികളുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് സാധ്യത.
