2012 മുതലുള്ള രേഖകളാണ് ഹൈക്കോടതിയിൽ നിന്ന് കാണാതായത്  ഹർജികൾ കോടതിയിലെത്താതിരിക്കാൻ ശ്രമം നടന്നെന്ന് ഹർജിക്കാർ

കൊച്ചി: മലബാർ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് രണ്ടുതവണയായി കാണാതായത് 52 സുപ്രധാന രേഖകൾ. അന്വേഷണം സിബിഐക്ക് വിടാൻ ശിപാർശ ചെയ്തുളള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുളളവരുടെ കുറിപ്പുകളം ഇക്കൂട്ടത്തിലുണ്ട്. ആശാങ്കാജനകം എന്ന പരാമർശത്തോടെയാണ് ഇതേക്കുറിച്ച് അന്വേഷിക്കാൻ സിംഗിംൾബെഞ്ച് ഇന്നലെ ഉത്തരവിട്ടത്. 

മലബാർ സിമന്‍റ്സ് അഴിമതി സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലെ സുപ്രധാന രേഖകൾ രണ്ടുതവണയാണ് ഹൈക്കോടതിയിൽ നിന്ന് കാണാതായത്. ഒരു സെറ്റു രേഖകൾ 2012 ൽ ബന്ധപ്പെട്ട സെക്ഷനിൽ നിന്നും രണ്ടാമത്തെ സെറ്റ് 2015 കോടതിയിൽ നിന്നും കാണാതായി. ശേഷിക്കുന്ന ഒരു സെറ്റു രേഖകളാണ് ഹൈക്കോടതി രജിസ്ട്രാറോട് സൂക്ഷിക്കാൻ കോടതി നിർദേശിച്ചത്.

അന്വേഷണം സിബിഐക്ക് കൈമാറാൻ ശുപാർശ ചെയ്തുളള യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ ഫയലുകളും കുറിപ്പികളുമാണ് നഷ്ടപ്പെട്ടവയിൽ അധികവും. സിബിഐ അന്വേഷിക്കുന്നതാണ് ഉത്തമമെന്ന് വ്യക്തമാക്കി അന്നത്തെ വിജിലൻസ് ഡയറക്ടർ തയറാക്കിയ കുറിപ്പ്, ഇതിന് അനുകൂലമായി മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രിയായിരുന്ന തിരുവ‌ഞ്ചൂർ രാധാകൃഷ്ണൻ, അന്നത്തെ ആഭ്യന്തര സെക്രട്ടറി എന്നിവരുടേതടക്കമുളള കുറിപ്പുകളും ഹൈക്കോടതിയിൽ നിന്ന് കാണാതായി. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദനും പി സി ജോർജും നിയമസഭയിൽ വിഷയം ഉന്നയിച്ചതുമായി ബന്ധപ്പെട്ട നിയമസഭാ രേഖകളും നഷ്ടപ്പെട്ടു. അന്വേഷണം അട്ടിമറിക്കാനുളള ആസൂത്രിത ഗൂഡാലോചനയാണിതെന്നും മരിച്ച മുതിർന്ന അഭിഭാഷകന് ഇതിൽ പങ്കുണ്ടെന്നും ഹർജിക്കാർ അരോപിച്ചു. ഹൈക്കോടതിയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഫയലുപോയ വഴി കണ്ടെത്താനുളള നീക്കത്തിലാണ് വിജിലൻസ് രജിസ്ട്രാറുടെ ഓഫീസ് .