കൊച്ചി: ലാവ്‍ലിന്‍ ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന സി.ബി.ഐയുടെ വാദത്തെ ഭാഗികമായി അംഗീകരിക്കുന്നതു കൂടിയാണ് ഇന്നത്തെ ഹൈക്കോടതി വിധി. പിണറായി വിജയനെ കേസില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വൈദ്യുതി ബോര്‍ഡിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണ വേണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഇക്കാര്യം വ്യക്തമാക്കുന്നു. പിണറായി വിജയന്‍ ഇടപാടില്‍ വ്യക്തിപരമായി താത്പര്യം കാട്ടിയെന്നോ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നോ തെളിവില്ലെന്ന ഹരീഷ് സാല്‍വെയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്.
ലാവ്‍ലിന്‍ കേസില്‍ പിണറായി വിജയനു വേണ്ടി ഹാജരായത് രാജ്യത്തെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെയായിരുന്നു. പിണറായിക്കെതിരായ സി.ബി.ഐയുടെ കണ്ടെത്തലുകളെ പൂര്‍ണ്ണമായും തള്ളുന്ന ഹരീഷ് സാല്‍വയുടെ വാദങ്ങള്‍ ഹൈക്കോടതി അപ്പാടെ അംഗീകരിച്ചിട്ടുണ്ട്. പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിരുന്നു കേസ്. ലാവ്‍ലിന്‍ കമ്പനിയുമായി നിരവധി വൈദ്യുതി മന്ത്രിമാര്‍ ആശയ വിനിമയം നടത്തിയിട്ടും പിണറായിയെ മാത്രമാണ് കേസില്‍ സിബിഐ പ്രതിയാക്കിയത്. ഇത് പിണറായിയെ തെരഞ്ഞുപിടിച്ച് കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ഹരീഷ് സാല്‍വെ ഹൈക്കോടതിയില്‍ വാദിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 17ന് ഹൈക്കോടതിയില്‍ ഹരീഷ് സാല്‍വെ പിണറായി വിജയനു വേണ്ടി നടത്തിയ നാല് മണിക്കൂര്‍ നീണ്ട വാദത്തിലെ പ്രസക്ത ഭാഗങ്ങളെല്ലാം ഹൈക്കോടതി അംഗീകരിച്ചു എന്നതാണ് ശ്രദ്ധേയം.
മലബാര്‍ കാന്‍സര്‍ സെന്ററിന് സാമ്പത്തിക സഹായം ലാവ്‍ലിന്‍ കമ്പനി നല്‍കാത്തതിനും പിണറായി ഉത്തരവാദിയല്ല. സാമ്പത്തിക നേട്ടമുണ്ടായി എന്നതിന് തെളിവില്ലെന്നുമുള്ള ഹരീഷ് സാല്‍വയുടെ വാദവും വിധിന്യായത്തിലൂടെ ഹൈക്കോടതി അംഗീകരിക്കുന്നുണ്ട്. അതേസമയം ലാവ്‍ലിന്‍ കരാറില്‍ ക്രമക്കേട് ഒന്നുമുണ്ടായിട്ടില്ല എന്ന ഹരീഷ് സാല്‍വയുടെ വാദത്തോട് യോജിക്കാനും ഹൈക്കോടതി തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥരാണ് സംശയകരമായ സാഹചര്യത്തില്‍ ലാവ്‍ലിനുമായി കരാറുണ്ടാക്കുകയും സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തതെന്ന് കരുതണമെന്നും വിധിന്യായത്തില്‍ ഹൈക്കോടതി പറയുന്നുണ്ട്. അതായത് പിണറായിയെ ഒഴിവാക്കണമെന്ന സാല്‍വെയുടെ പ്രധാന വാദം അംഗീകരിച്ചുവെങ്കിലും ലാവ്‍ലിനില്‍ ക്രമക്കേട് നടന്നിട്ടില്ല എന്ന പിണറായി വിജയന്റെ വാദം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
