മലപ്പുറം : പി വി അന്‍വര്‍ എം എല്‍ എയുടെ നിയമ ലംഘനത്തിന് വീണ്ടും തെളിവുകള്‍ പുറത്ത് വന്നു. പി വി അന്‍വര്‍ അനധികൃതമായി വാങ്ങിയ സ്ഥലത്ത് ബിസിനസ് സംരംഭങ്ങള്‍ ആരംഭിച്ചു. തോട്ട ഭൂമിയുടെ പരിധിയിലാണ് സ്ഥലം വാങ്ങിയത്. തൃക്കലങ്ങോട്ടുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് മെട്രോ വില്ലേജും സ്കൂളും പാര്‍ക്കുമാണ്. ഭൂപരിഷ്കരണ നിയമം ലംഘിച്ചിട്ടും പി വി അന്‍വറിനെതിരെ നടപടിയില്ല. തൃക്കലങ്ങോട് വില്ലേജിലാണ് ഏറ്റവുമധികം ഭൂമി എംഎല്‍എ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഈ ഭൂമിയില്‍ പ്ലാന്‍റേഷനില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായി.

മലപ്പുറത്തെ തൃക്കലങ്ങലോട്, പെരകമണ്ണ വില്ലേജുകളിലായാണ് ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലൂടെ എംഎല്‍എ തന്നെ വ്യക്തമാക്കിയതാണ്. ഇതിലേറേയും തൃക്കലങ്ങോട് വില്ലേജിലാണ്. തൃക്കലങ്ങോട് വില്ലേജിലെ 62/ 247, 62/241, 62/227 എന്നീ സര്‍വ്വേ നമ്പറുകളിലായാണ് ഈ ഭൂമിയുള്ളത്. ഇരുനൂറ്റി രണ്ട് ഏക്കറേളം ഭൂമിയാണ് തൃക്കലങ്ങോട് വില്ലജിലുള്ളതായി പി വി അന്‍വര്‍ തന്നെ അവകാശപ്പെടുന്നത്. 

മെട്രോവില്ലേജ് എന്ന വില്ലാ പ്രോജക്ടിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ പ്രൊപ്രൈറ്റര്‍ എംഎല്‍എ തന്നെയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 62/241 എന്ന സര്‍വ്വേ നമ്പറില്‍ കാണുന്നത് എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ഇന്‍ര്‍ നാഷണല്‍ സ്കൂള്‍. ഇതേ സര്‍വ്വേ നമ്പറില്‍ കൃഷിഭൂമിയാണെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും എംഎല്‍എ ശ്രമിച്ചിട്ടുണ്ട്. 62/227 എന്ന സര്‍വ്വേ നമ്പറിലാണ് തൃക്കലങ്ങോടു തന്നെയുള്ള മറ്റൊരു ബിസിനസ് സംരഭമായ സില്‍സില പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.

പരിധിക്കപ്പുറം ഭൂമിയാണ് ഈ മൂന്നിടങ്ങളിലായി എംഎല്‍എ കൈവശം വച്ചിരിക്കുന്നത്. പ്ലാന്‍റേഷന്‍ ഭൂമിയല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ കടുത്ത നിയമലംഘനമാണ് എംഎല്‍എ നടത്തിയിരിക്കുന്നത്. ഭൂപരിഷ്ക്കരണ നിയമം അട്ടിമറിച്ചതുമായി ബന്ധപ്പട്ട പരാതി മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്. ഗവര്‍ണ്ണര്‍ക്ക് ലഭിച്ച പരാതി ചീഫ് സെക്രട്ടറിക്കും കൈമാറിയിരിക്കുന്നു. അതേ സമയം കക്കാടംപൊയിലില്‍ ഉടമസ്ഥതയിലുള്ള മുഴുവന്‍ ഭൂമിയുടേയും വിവരങ്ങള്‍ എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുമില്ല.