മലപ്പുറം: ഇടത് പി.വി. അന്‍വര്‍ എം.എല്‍.എ ഭൂപരിധിനിയമം ലംഘിച്ച് ഭൂമി കൈവശം വച്ചിരിക്കുന്നതിന്റെ രേഖകള്‍ പുറത്ത്. ഒരാള്‍ക്ക് പരമാവധി 15 ഏക്കര്‍ കാര്‍ഷികേതര ഭൂമി മാത്രമേ കൈവശം വെക്കാവു എന്നിരിക്കെ അന്‍വറിന്റെ കൈവശം 203 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഒരു വ്യക്തിക്ക് പരമാവധി 15 ഏക്കര്‍ കാര്‍ഷികേതരഭൂമി മാത്രമേ കൈവശം വെക്കാവു എന്നിരിക്കെ നിലമ്പൂര്‍ എം എല്‍ എയുടെ കൈവശം 203 ഏക്കര്‍ കാര്‍ഷികേതര ഭൂമിയുണ്ടെന്ന് അദ്ദേഹം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു

നിയമം ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നടത്തി കുരുക്കില്‍ പെട്ട പി.വി. അന്‍വറിനെതിരെ കൂടുതല്‍ ഗൗരവമുള്ള തെളിവുകളാണ് പുറത്ത് വരുന്നത്. ചതുരശ്ര അടി കണക്കിലാണ് എംഎല്‍എ ഭൂമിയുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. ഇത് സെന്റിലേക്കും ഏക്കറിലേക്കും മാറ്റി കണക്കാക്കുമ്പോള്‍ പെരകമണ്ണയില്‍ 10 സെനെറ്, തൃക്കലങ്ങോട് 30.43 സെന്റെ, പെരകമണ്ണയില്‍ തന്നെ മറ്റൊരു 17 സെന്റ്, തൃക്കലങ്ങോട് 227/2 സര്‍വ്വെ നമ്പറില്‍ 62 സെന്റ്, തൃക്കലങ്ങോട്ട് തന്നെ 62യ141 എന്ന സര്‍വ്വേയില്‍ 201 ഏക്കര്‍ ഭൂമി എന്നിങ്ങനെ 7 ഇടത്തായി ഭൂമിയുണ്ടെന്ന് വിശദമാക്കുന്നു. 

ഈ കണക്കുകള്‍ കൂട്ടിയാല്‍ അന്‍വറിന്‍റെ പേരിലുള്ളത് 203.43 ഏക്കര്‍ ഭൂമിയാണ്. സംസ്ഥാനത്ത് നിലവിലുള്ള നിയമമനുസരിച്ച് 188 ഏക്കര്‍ ഭൂമി അധികം കൈവശം വെച്ചിരിക്കുന്നു. പ്ലാന്റഷനല്ല ഭൂമി എന്നിരിക്കെ എംഎല്‍എയുടേത് കടുത്ത നിയമലംഘനം ആണ്. ജില്ലാ കളക്ടര്‍മാര്‍ റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഇത്തരം ഭൂമി പിടിച്ചെടുക്കണമെന്നാണ് ലാന്റ് റിഫോസ് ആക്ടിലെ വ്യവസ്ഥ. ഇത്രയും ഭുമിയില്ല എന്ന് പറഞ്ഞൊഴിയാന്‍ എംഎല്‍എയ്ക്കാകില്ല. 2014ലും ഇതേ കണക്കുകളാണ് അന്‍വര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചത്.