കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി സുനിൽകുമാറിനെതിരെ കൂടുതൽ തെളിവുകൾ. സുനിൽകുമാർ നേതൃത്വം നൽകിയ ഡ്രൈവേഴസ് ക്ലബിലെ അംഗങ്ങളാണ് 2011 ൽ കൊച്ചിയിൽ മറ്റൊരുനടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് കണ്ടെത്തൽ. ഇതിനിടെ സുനിൽകുമാറിന് ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്‍റെ പകർപ്പും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
2011 ൽ മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലുളള സുനിൽകുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്. 2011 ൽ കൊച്ചി പൊന്നുരുന്നിയിലെ വാടകവീട്ടിലാണ് ഡ്രൈവേഴ്സ് ക്ലബ് തുടങ്ങിയത്. സുനിൽകുമാറിനായിരുന്നു നേതൃത്വം. സിനിമാതാരങ്ങൾക്കും ലൊക്കേഷനുകളിലേക്ക് ഡ്രൈവർമാരെ നൽകുന്ന ഏർപ്പാട്. ഈ ഡ്രൈവേഴ്സ് ക്ലബിൽപെട്ടവരാണ് ടെമ്പോ ട്രാവലറിലെത്തി സുനിൽകുമാറിനൊപ്പം മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിലെ അംഗങ്ങളിൽ പലരും ഈ സംഭവത്തിന് മുമ്പു ശേഷവും നിരവധി കുറ്റകൃത്യങ്ങളിൽ പെട്ടിട്ടുമുണ്ട്. 18 നും 22നും ഇടയിൽ പ്രായമുളളവർക്കുമാത്രമായിരുന്നു ഡ്രൈവേഴ്സ് ക്ലബിൽ അംഗത്വം.
ഇതിനിടെ കഴിഞ്ഞ ഫെബ്രുവരി 17ന് കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സുനിൽകുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പൊലീസ് മറുപടി സത്യവാങ്മൂലം നൽകി. പ്രതി മുഴുവൻ സത്യങ്ങളും വെളിപ്പെടുത്തിയിട്ടില്ലെന്നും കൂടുതൽ പ്രതികളുണ്ടെന്ന് സുനിൽകുമാർ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ജാമ്യം നൽകിയാൽ ദിലീപുമായി ചേർന്ന് സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കും. തെളിവുകൾ നശിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഹർജിയിലെ വിശദമായ വാദം 24ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നടക്കും.
