ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന എ.ഐ.എ.ഡി.എം.കെയില്‍ കൂടുതല്‍ നേതാക്കള്‍ കാവല്‍ മുഖ്യമന്ത്രി പന്നീര്‍ശെല്‍വത്തിന്റെ പക്ഷേത്തേക്ക് മാറുന്നു. പാര്‍ട്ടി വക്താവും മുതിര്‍ന്ന നേതാവുമായ സി പൊന്നയ്യനാണ് ഏറ്റവുമൊടുവില്‍ ഇന്ന് വൈകുന്നേരം പന്നീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് പൊന്നയ്യന്‍. അതേസമയം ശശികലയ്ക്ക് ഇതുവരെ ഗവര്‍ണറെ കാണാന്‍ അനുമതി ലഭിച്ചിട്ടില്ല.

എം.എല്‍.എമാര്‍ക്കൊപ്പം രാജ്ഭവന് മുന്നിലെത്തി ശശികല ഉപവാസം നടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്ഭവന്റെ സുരക്ഷ ശക്തമാക്കി. ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാന്‍ ഒരു ദിവസം കൂടി അനുവദിക്കുന്നെന്നും അതിന് ശേഷവും തീരുമാനമെടുത്തില്ലെങ്കില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നും നേരത്തെ ശശികല പറഞ്ഞിരുന്നു. ജനാധിപത്യത്തെ മാനിച്ചാണ് സംയമനം പാലിക്കുന്നത്. ഉചിതമായ സമയത്ത് വേണ്ടത് ചെയ്യുമെന്നും ശശികല പറഞ്ഞു. അതേസമയം തനിക്ക് പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കാന്‍ ശശികല നീക്കം നടത്തുന്നതായും വിവരമുണ്ട്. തന്റെ വിശ്വസ്തരെ ആരെയെങ്കിലും പകരക്കാരനാക്കാനാണ് ശ്രമം. എന്നാല്‍ അത്തരമൊരു ആലോചന നടത്തിയിട്ടേ ഇല്ലെന്നാണ് എ.ഐ.ഡി.എം.കെ നേതാവ് സെങ്കോട്ടയ്യന്‍ അഭിപ്രായപ്പെട്ടത്. ശശികല തന്നെയാണ് നേതാവെന്നും പകരമൊരാളെക്കുറിച്ച് ആലോച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.