Asianet News MalayalamAsianet News Malayalam

സൗദിയില്‍ കൂടുതല്‍ മേഖലകളിലേക്ക് സൗദിവല്‍ക്കരണം

more niaqat to implement in saudi soon
Author
First Published Aug 21, 2017, 12:01 AM IST

റിയാദ്: സൗദിയില്‍ ഏതാനും മേഖലകളില്‍ കൂടി നൂറു ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കുന്നു. ഷോപ്പിംഗ് മാളുകള്‍,ആരോഗ്യം തുടങ്ങിയ മേഖലകളിലെ സൗദിവല്‍ക്കരണം ഉടന്‍ ആരംഭിക്കാനാണ് നീക്കം.

മൊബൈല്‍ മേഖലയിലെ സ്വദേശീവല്‍ക്കരണത്തിനു പിന്നാലെ ഏതാനും ചില മേഖലകളില്‍ കൂടി നൂറു ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കാന്‍ നീക്കം നടക്കുന്നതായി ഒകാസ് അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ടൂറിസം, ആരോഗ്യം, ഷോപ്പിംഗ് മാളുകള്‍, റെന്റ് എ കാര്‍ മേഖല തുടങ്ങിയവ ഇതില്‍ പെടും. മൊബൈല്‍ മേഖലയില്‍ സൗദിവല്‍ക്കരണം കൊണ്ട് വന്നതിനു ശേഷം എണ്ണായിരത്തിലധികം സ്വദേശികള്‍ക്ക് ഈ മേഖലയില്‍ ജോലി ലഭിച്ചതായാണ് കണക്ക്. 2018 ആകുമ്പോഴേക്കും ടൂറിസം മേഖലയില്‍ 33000 സ്വദേശികള്‍ക്ക് ജോലി കണ്ടെത്താനാണ് നീക്കം. 2020 ആകുമ്പോഴേക്കും ആരോഗ്യ രംഗത്ത് 93000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനും പദ്ധതി ലക്ഷ്യമിടുന്നു. ഷോപ്പിംഗ് മാളുകളിലെ സൗദിവല്‍ക്കരണം അല്‍ ഖസീം ഭാഗത്ത് നിന്നും ആരംഭിക്കും. ഖസീമില്‍ ആറായിരം സൗദികള്‍ക്ക് ഇങ്ങനെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. മദീനയിലെ വ്യാപാര കേന്ദ്രങ്ങളിലും നൂറു ശതമാനം സൗദിവല്ക്കരണം നടപ്പിലാക്കും. ഇതുവഴി ഇരുപതിനായിരം പേര്‍ക്ക് പുതുതായി ജോലി ലഭിക്കും. റെന്റ് എ കാര്‍ കമ്പനികളില്‍ നിലവില്‍ നാല്പത് ശതമാനമാണ് സൗദിവല്‍ക്കരണം. ഇത് നൂറു ശതമാനമാക്കുന്നതിലൂടെ അയ്യായിരം പേര്‍ക്ക് ജോലി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. അതേസമയം 2015 –നെ അപേക്ഷിച്ച് 2016ല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം പത്ത് ശതമാനം വര്‍ധിച്ചതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. 51040 സൗദി വനിതകള്‍ക്ക് പുതുതായി ജോലി ലഭിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി ലഭിച്ചത് നിര്‍മാണ മേഖലയിലാണ്. നിലവില്‍ 1,65,281 സൗദി വനിതകള്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നു. മൊത്ത ചില്ലറ മേഖലകളില്‍ എട്ടു ശതമാനം കൂടുതല്‍ വനിതകള്‍ക്ക് ജോലി ലഭിച്ചു.

Follow Us:
Download App:
  • android
  • ios