തിരുവനന്തപുരം: പമ്പ മുതൽ സന്നിധാനം വരെ സുരക്ഷാ മേൽനോട്ടത്തിനായി ഐജി ശ്രീജിത്തിനെക്കൂടി നിയോഗിച്ചു. പാലക്കാട് എസ്‍പി ദേബേഷ് കുമാർ ബെഹ്‍റയ്ക്കാണ് പമ്പയുടെ ചുമതല.
 
ഇന്നലെ ക്രമസമാധാനച്ചുമതലയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നത് എഡിജിപി അനിൽ കാന്തും ഐജി മനോജ് എബ്രഹാമും ആയിരുന്നു. ഇതിന് പുറമേയാണ് കൂടുതൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്തേയ്ക്ക് നിയോഗിച്ചിരിക്കുന്നത്.
 
വാട്‍സാപ്പിലും ഫേസ്ബുക്കിലും വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കി. മതസ്‍പർധ വളർത്തുന്ന സന്ദേശങ്ങളയച്ചാൽ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കും. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾക്കെതിരെയും നടപടിയുണ്ടാകും. സാമൂഹ്യമാധ്യമങ്ങൾ സൈബർഡോമിന്‍റെ നിരീക്ഷണത്തിലാണ്.
 
സന്നിധാനത്തേയ്ക്ക് കൂടുതൽ പൊലീസ് സേനയെ നിയോഗിക്കാനാണ് തീരുമാനം. കാനനപാത മുഴുവനും പൊലീസിനെ നിയോഗിയ്ക്കുന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ പ്രതിഷേധക്കാരുള്ള സ്ഥലങ്ങൾ കണ്ടെത്തി അവിടെ പൊലീസിനെ വിന്യസിക്കാനാണ് തീരുമാനം.