കൊച്ചി: പെരുപ്പിച്ച ബാലന്‍സ് ഷീറ്റുപയോഗിച്ച് കൊച്ചി സ്വദേശിനി സാന്ദ്രാ തോമസ് ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. റവന്യൂ ഇന്റലിജന്‍സ് നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി, എന്‍ഫോഴ്‌സ്മന്റ് വകുപ്പുകളുടെ നടപടി. ഇതിനിടെ നാലുകോടി രൂപ നികുതിയടക്കണമെന്നാവശ്യപ്പെട്ട് സെയില്‍ ടാക്‌സ് സാന്ദ്രാ തോമസിന് നോട്ടീസ് അയച്ചു.
ഡിവൈഎഫ് ഐ നേതാക്കള്‍ പ്രതിയായ കൊച്ചിയിലെ ക്വട്ടേഷന്‍ ഗുണ്ടാ കേസിലെ പരാതിക്കാരിയായ സാന്ദ്രാ തോമസിനെതിരെ കേന്ദ്ര റവന്യൂ ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മറ്റ് കേന്ദ്ര ഏജന്‍സികളുടെ നടപടി. ആദായനകുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റുമാണ് ഇരുപത്തിയാറുകാരിയായ യുവതിയുടെ വരുമാനത്തെക്കുറിച്ചും വാങ്ങിക്കൂട്ടിയ സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കുന്നത്. കൊച്ചി ബ്രോഡ് വേയില്‍ കൃത്രിമ പൂക്കളുടെ കച്ചവടം സാന്ദ്രാ തോമസ് പെരുപ്പിച്ച ബാലന്‍സ് ഷീറ്റും ഐ ടി റിട്ടേണും കാണിച്ച് ബാങ്കുകളില്‍ കോടികള്‍ ലോണെടുത്ത് കബളിപ്പിച്ചെന്നാണ് റവന്യൂ ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.
ബാങ്കുതട്ടിപ്പിലെ സമര്‍ഥമായ തന്ത്രമാണെന്നും മുന്‍കരുതല്‍ വേണമെന്നുമാണ് ഡിആര്‍ഐ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. സാന്ദ്രയുടെ കഴിഞ്ഞ നാലുവര്‍ഷത്തെ ഐടി റിട്ടേണുകളാണ് വിശദമായി പരിശോധിക്കുന്നത്. ഇതിനിടെ സംസ്ഥാന വില്‍പന നികുതി വിഭാഗം സാന്ദ്രാ തോമസിന് നാലു കോടി രൂപയുടെ നോട്ടീസ് നല്‍കി. ബ്രോഡ് വേയിലെ പൂകച്ചവടത്തിന്റെ പേരില്‍ അന്‍പതിനായിരം രൂപ മാത്രമാണ് ഇവര്‍ നികുതി നല്‍കിയിരുന്നത്. കോടിക്കണക്കിന് രൂപ ഈ കച്ചവടം വഴി ലഭിച്ചെന്ന് ഐ ടി റിട്ടേണില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ നികുതിയും പിഴയുമടക്കം നാലു കോടി രൂപ അടയ്ക്കണമെന്നാണ് നോട്ടീസ്.
