Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം; 1,200 കശ്മീരി വിദ്യാർത്ഥികൾ കോളേജ് വിടുന്നു

സർവ്വകലാശാലയിൽ പഠിക്കുന്ന 1,200 ലേറെ വരുന്ന കശ്മീരി വിദ്യാർത്ഥികളാണ് ബുധനാഴ്ച്ച വീടുകളിലേക്ക് പോകുമെന്ന് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് സാജാദ് രത്താർ വൈസ് ചാൻസലർക്ക് കത്ത് നൽകി. 

More Than 1,200 Kashmiri Students threatens to leave from Aligarh Muslim University
Author
Aligarh, First Published Oct 15, 2018, 1:18 PM IST

അലിഖഡ്: അലിഖഡ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ നടപടി പിൻവലിച്ചില്ലെങ്കിൽ വീടുകളിലേക്ക് മടങ്ങുമെന്ന് ഭീഷണി മുഴക്കി കശ്മീരില്‍ നിന്നുള്ള വിദ്യാർ‌ത്ഥികൾ. സർവ്വകലാശാലയിൽ പഠിക്കുന്ന 1,200 ലേറെ വരുന്ന കശ്മീരി വിദ്യാർത്ഥികളാണ് ബുധനാഴ്ച്ച വീടുകളിലേക്ക് പോകുമെന്ന് വ്യക്തമാക്കിയത്.

ഇതുസംബന്ധിച്ച് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് സാജാദ് രത്താർ വൈസ് ചാൻസലർക്ക് കത്ത് നൽകി. ഇത്തരം അപകീര്‍ത്തിപ്പെടുത്തല്‍ അവസാനിപ്പിച്ചില്ലെങ്കിൽ 1,200 ലേറെ കശ്മീരി വിദ്യാർത്ഥികൾ ഒക്ടോബർ 17ന് വീടുകളിലേക്ക് പോകുമെന്ന് കത്തിൽ പറയുന്നു.

കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ മനാൻ ബഷീർ വാനിയുടെ മരണത്തിൽ പ്രാർഥനാ യോഗം വിളിച്ചു ചേർത്ത കേസിൽ മൂന്ന് വിദ്യാർത്ഥികൾക്കെതിരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്. എന്നാൽ ഇത് കുടിപ്പകയാണെന്നും പ്രാർഥനാ യോഗം വിളിച്ചു ചേർക്കുന്നതിന് സർവ്വകലാശാല അധികൃതരോട് അനുവാദം ചോദിച്ചിരുന്നെങ്കിലും നൽകിയിരുന്നില്ലെന്നും അതിനാല്‍  യോഗം നടത്താനുള്ള തീരുമാനം റദ്ദാക്കിയതായും രത്താർ പറയുന്നു.

കോളേജിലെ കെന്നഡി ഹാളിൽ പ്രാർഥന യോഗം വിളിച്ചു ചേർക്കുകയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തതായാണ് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾക്ക് നേരേയുള്ള കുറ്റങ്ങൾ. എന്നാൽ പ്രാർഥന യോഗം ചേർന്നിട്ടില്ലെന്ന് ഔദ്യോഗിക ഏജൻസികൾ സ്ഥിരീകരിക്കുകയാണെങ്കിൽ വിദ്യാർത്ഥികൾക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കുടിപ്പകയാണെന്നും പീഡനമാണെന്നും നീതി നിഷിധമാണെന്നും രത്താർ പറഞ്ഞു. കശ്മീരി വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ ശനിയാഴ്ച്ച രാത്രിയാണ് സര്‍വ്വകലാശാലാ ഭരണാധികാരി മൊഹ്സിൻ ഖാന് കത്ത് കൈമാറിയത്.

എന്നാൽ കശ്മീരി വിദ്യാർത്ഥികൾ ഉന്നയിക്കുന്ന വാദം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സർവകാലശാല വക്താവ് പ്രൊഫസർ ഷഫീ കിദ്വായി  രംഗത്തെത്തി. ഒരു നിരപരാധിയെയും കുറ്റവാളിയായി ചിത്രീകരിക്കുന്നില്ല. എന്നാല്‍ ഒരു തരത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനവും കോളേജിൽ അനുവദിക്കില്ലെന്നും കിദ്വായി വ്യക്തമാക്കി. 

ഒക്ടോബർ 12നാണ് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ മനാൻ ബഷീർ വാനിയുടെ മരണത്തിൽ വിദ്യാർത്ഥികൾ പ്രാർഥന യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വിദ്യാർത്ഥികളെ കോളേഡിൽനിന്ന് സസ്പെൻഡ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.

കശ്മീർ സ്വദേശികളായ വസീം അയ്യൂബ് മാലിക്ക്, അബ്ദുല്‍ ഹസീബ് മിര്‍ പിന്നെ പേര് വെളിപ്പെടുതാത്ത മറ്റൊരു വിദ്യാര്‍ത്ഥിക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. കോളേജിൽനിന്ന് ശേഖരിച്ച സിസിടിവി ദ‍ൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിദ്യാർത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അലി‌ഗഡ് സിവിൽ ലൈന്‍ എസ്.എച്ച്.ഒ വിനോദ് കുമാർ വ്യക്തമാക്കി. ഇവരെ കൂടാതെ സംഭവത്തില്‍ 9 വിദ്യാര്‍ത്ഥികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. 

ഈ വര്‍ഷം ജനുവരിയിലാണ് സർവകലാശാലയിലെ പിഎച്ച്‌ഡി പഠനം ഉപേക്ഷിച്ച് മനാന്‍ ബഷീര്‍ വാനി(27) ഭീകരപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന വാനിയുടെ സ്കൂള്‍ വിദ്യാഭ്യാസം നവോദയ സ്കൂളിലും സൈനിക് സ്കൂളിലുമായിരുന്നു. കുപ്‌വാര ജില്ലയിലെ ലോലാബ് മേഖലയിലെ ടെക്കിപോറ സ്വദേശിയാണ് വാനി.

Follow Us:
Download App:
  • android
  • ios