ദമസ്‌കസ്: ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് വെടിനിര്‍ത്തല്‍ കരാറില്‍ റഷ്യയും അമേരിക്കയും ഒപ്പുവെച്ചതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാരകമായ വ്യോമാക്രമണങ്ങള്‍.
വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബിലും ആലപ്പോ പ്രവിശ്യയിലുമായി നടന്ന നിരവധി ബോംബാക്രമണങ്ങളില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളും വൃദ്ധരും സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇദ്‌ലിബിലെ മാര്‍ക്കറ്റില്‍ റഷ്യന്‍ വിമാനം നടത്തിയ ബോംബാക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിരവധി പേരെ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തു. പെരുന്നാള്‍ ഷോപ്പിംഗിന്റെ തിരക്കിനിടെയായിരുന്നു ആക്രമണം. ഒമ്പത് കുട്ടികള്‍ അടക്കം 55 ലേറെ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. വിമതരുടെ ശക്തികേന്ദ്രമായ ആലപ്പോയില്‍ നടത്തിയ ആക്രമണത്തില്‍ 50 ലേറെ പേരും കൊല്ലപ്പെട്ടു.
സര്‍ക്കാര്‍ സൈന്യത്തിന്റേതും അസദ് സര്‍ക്കാറിനെ പിന്തുണക്കുന്ന റഷ്യയുടെയും ജെറ്റ് വിമാനങ്ങളാണ് ഇവിടെ കൂട്ടക്കൊലകള്‍ നടത്തിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനീവയില്‍ നടന്ന 16 മണിക്കൂര്‍ ചര്‍ച്ചയ്ക്കു ശേഷം അമേരിക്കയും റഷ്യയും സമാധാന കരാറില്‍ ഒപ്പു വെച്ചതിനു പിന്നാലെയായിരുന്നു വീണ്ടും ആക്രമണങ്ങള്‍ നടന്നത്. പെരുന്നാള്‍ പ്രമാണിച്ച് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയും റഷ്യയും സംയുക്തമായി ഐസിസിനെതിരെ ആക്രമണങ്ങള്‍ നടത്താനും തീരുമാനമായിരുന്നു.
സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ റഷ്യ ശക്തമായി പിന്തുണക്കുന്നുണ്ട്. അതേ സമയം അസദിനെ താഴെയിറക്കാന്‍ പൊരുതുന്ന വിമതര്‍ക്കൊപ്പമാണ് അമേരിക്ക.
