ചെന്നൈ: ചെന്നൈ നഗരത്തിൽ വൻതീപ്പിടിത്തം. അപകടത്തിൽ 150ലധികം കാറുകള്‍ കത്തിനശിച്ചു. ചെന്നൈയിലെ പൊരൂരിൽ രാമചന്ദ്ര മെഡിക്കൽ കോളേജിന് സമീപത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറുകളാണ് കത്തി നശിച്ചത്. മുന്നൂറോളം കാറുകള്‍ പാര്‍ക്കിങ്ങിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. 

ഉണങ്ങിയ പുല്ലുകളില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ കാറ്റ് വീശിയതിനാൽ തീപടർന്ന് പിടിച്ചതാകാമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം തീ നിയന്ത്രണ വിധേയമാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു സ്വകാര്യ കമ്പനിയുടെ പാര്‍ക്കിങ് സ്ഥലമാണിത്.

കഴിഞ്ഞ ദിവസം ബം​ഗളൂരുവിലെ എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടിലുണ്ടായ തീപ്പിടിത്തത്തിൽ മുന്നൂറിലേറെ വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു.യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.