Asianet News MalayalamAsianet News Malayalam

നികുതി വെട്ടിച്ചോടുന്നത് രണ്ടായിരത്തോളം വാഹനങ്ങള്‍ ; നടപടിയില്ലാതെ ഗതാഗതവകുപ്പ്

more than two thousand vehicle cheats tax department fail to take action
Author
Thiruvananthapuram, First Published Oct 31, 2017, 1:20 PM IST

തിരുവനന്തപുരം: സിപിഎമ്മിന്റെ ജനജാഗ്രത യാത്രയില്‍ കോടിയേരി ബാലകൃഷ്ണന്റെ മിനി കൂപ്പര്‍ യാത്രയാണ് സംസ്ഥാനത്ത് നികുതി വെട്ടിച്ചോടുന്ന ആ‍ഡംബര വാഹനങ്ങളെ വീണ്ടും വാര്‍ത്തകളിലെത്തിച്ചത്.  നടി അമലാ പോളിന്റെ കാര്‍ വ്യാജവിലാസത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത്  നികുതി വെട്ടിച്ച സംഭവവും പുറത്ത് വന്നത് അടുത്തിടെയാണ്. ഇതിന് പിന്നാലെ പ്രമുഖ നടന്മാരടക്കം വാഹന രജിസ്ട്രേഷന്‍ വഴി നികുതി വെട്ടിച്ചതിന്റെ വിവരങ്ങളും പുറത്ത് വന്നു. സംസ്ഥാനത്ത് ഇത്തരത്തില്‍ നികുതി വെട്ടിച്ചോടുന്നത് രണ്ടായിരത്തിലധികം വാഹനങ്ങളാണെന്നാണ് അനൗദ്യോഗിക വിവരം. 

നേരത്തെ ഋഷിരാജ് സിങ് ഗതാഗത കമ്മീഷണറായിരുന്ന സമയത്ത് ഇത്തരത്തില്‍ നികുതി വെട്ടിക്കുന്ന ആഡംബര വാഹനങ്ങളെ കണ്ടുപിടിക്കാനുള്ള ശ്രമം നടത്തിയിരുന്നു.  കേരളത്തില്‍ സ്ഥിരമായി കാണുന്ന അന്‍പതിലധികം വാഹനങ്ങളുടെ  നമ്പറുകളെ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ മിക്ക വാഹനങ്ങളും വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

ഓട്ടോ റിക്ഷ പോലും കയറാന്‍ വഴിയില്ലാത്ത വീടുകളുടെ വിലാസത്തില്‍ ബിഎംഡബ്ല്യു പോലുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും കണ്ടെത്തിയിരുന്നു.  രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ , ചലചിത്ര താരങ്ങള്‍, ബിസിനസുകാര്‍, വിദേശമലയാളികള്‍, ബാറുടമകള്‍ തുടങ്ങിയവരുടെ വാഹനങ്ങളായിരുന്നു ഇവയില്‍ മിക്കതും. ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഋഷിരാജ് സിങ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറിയതോടെ നടപടികളും നിലച്ചു.

20 ലക്ഷത്തിനു മീതെ വരുന്ന വാഹനങ്ങൾക്ക് ഒന്നര ലക്ഷം രൂപയാണു പോണ്ടിച്ചേരിയിലും മാഹിയിലും ഒറ്റത്തവണ റോഡ് നികുതി. കേരളത്തിൽ വാഹനവിലയുടെ 20 ശതമാനം നികുതി നൽകണം. ഈ തുക ഭീമമായതും അന്യ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് റീ രജിസ്ട്രേഷന്‍ പരിശോധനകള്‍ കേരളത്തില്‍ കുറവായതുമാണ് ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios