ശബരിമല ദർശനത്തിനായി പതിനാല് യുവതികൾ കൂടി എത്തുന്നു. ഇവർ സഞ്ചരിക്കുന്ന ട്രയിൻ പത്തരയോടെ തൃശൂരിൽ എത്തും. യുവതികളെ തടയുമെന്ന് ശബരിമല കർമ്മസമിതി പ്രഖ്യാപിച്ചു. തൃശൂരിലും പൊലീസിന്‍റെ സുരക്ഷാ വിന്യാസം നടത്തുകയാണ്.
തൃശൂർ: ശബരിമല ദർശനത്തിന് എത്തിയ മനിതി സംഘം പ്രവർത്തകർ പമ്പയിൽ കുത്തിയിരിപ്പ് പ്രതിഷേധം തുടരുന്നതിനിടെ കൂടുതൽ യുവതികൾ ശബരിമലയിലേക്ക് പുറപ്പെട്ടു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് അടക്കമുള്ള പതിനാല് പേരടങ്ങുന്ന സംഘമാണ് ശബരിമലയിലേക്ക് എത്തുന്നത്. ഇവർ സഞ്ചരിക്കുന്ന ട്രെയിൻ പത്തരയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തും. ഇവരെ തൃശൂരിൽ തന്നെ തടയുമെന്നാണ് ശബരിമല കർമ്മസമിതി പ്രവർത്തകരുടെ നിലപാട്.
എന്നാൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിനായി എത്തുമെന്ന് മനിതി സംഘം നേരത്തേ രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ പുതിയതായി എത്തുന്ന സംഘത്തിനും സംരക്ഷണം കൊടുക്കാനുള്ള നിയമപരമായ ബാധ്യത പൊലീസിനുണ്ട്. തൃശൂരിലെ പ്രതിഷേധങ്ങൾ തടയാൻ പൊലീസ് സംഘത്തെ വിന്യസിച്ച് തുടങ്ങിയിട്ടുണ്ട്.
പമ്പയിൽ പതിനൊന്ന് അംഗ മനിതി സംഘം പ്രവർത്തകരാണ് ശബരിമല ദർശനത്തിനായി ഇന്ന് പുലർച്ചെ എത്തിയത്. ശബരിമല കർമ്മ സമിതി പ്രവർത്തകരുടെ പ്രതിഷേധം കാരണം കാനനപാതയിലേക്ക് കടക്കാനാകാതെ ഇവർ ഇപ്പോൾ പമ്പയിൽ കുത്തിയിരിക്കുകയാണ്. വയനാട്ടിൽ നിന്നും മനിതി സംഘത്തിൽ ഉൾപ്പെട്ട അമ്മിണി എന്ന ദളിത് പ്രവർത്തകയും ശബരിമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മനിതി സംഘത്തിലുൾപ്പെട്ട മലയാളികളായ മൂന്ന് യുവതികൾ എരുമേലി കടന്ന് നിലയ്ക്കലേക്ക് തിരിച്ചതായി സൂചനയുണ്ട്. നാൽപ്പതിലേറെ യുവതികൾ വിവിധ സംഘങ്ങളായി ശബരിമല ദർശനത്തിനായി ഇന്ന് എത്തുമെന്നാണ് മനിതി സംഘം അറിയിച്ചിരിക്കുന്നത്.
