കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയില്‍ നിന്നുള്ള മാലിന്യങ്ങൾ അശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്നുവെന്ന് പരാതി. പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയില്‍ നിന്നുള്ള മാലിന്യം പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കി ആശുപത്രിയിലെ പ്രസവ വാർഡിനടുത്തുള്ള കുഴിയിലിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. 

ദിവസവും ഒന്നിലധികം മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം ചെയ്യപ്പെടുന്നുണ്ട്. മൃതദേഹത്തിലുണ്ടാവുന്ന വസ്ത്രങ്ങളും പായ അടക്കമുള്ള പ്ലാസ്റ്റിക് സാധങ്ങളുമാണ് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മോർച്ചറിക്കടുത്ത് തുറസ്സായ സ്ഥലത്തുള്ള ചെറിയ കുഴിയിലിട്ട് കത്തിക്കുന്നത്. തൊട്ടടുത്തുള്ള പ്രസവ വാര്‍ഡിലും മറ്റ് വാര്‍ഡുകളിലുമുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കടുത്ത അസ്വസഥതയാണിത് സൃഷ്ടിക്കുന്നത്. പുകയും ദുര്‍ഗന്ധവും കാരണം ഛര്‍ദ്ദി അടക്കമുള്ള പ്രശ്നങ്ങളുണ്ടാവാറുണ്ടെന്നാണ് പരാതി. മാലിന്യങ്ങള്‍ കത്തിക്കുന്നതിന്റെ തൊട്ടടുത്താണ് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും തുണികള്‍ കഴുകിയിടുന്നത്. കോടികളുടെ വികസന പദ്ധതികൾ വർഷം തോറും നടക്കുന്ന ജില്ലാ ആശുപത്രിയിൽ മോർച്ചറി മാലിന്യങ്ങളുടെ പുക ശ്വസിക്കാൻ വിധിക്കപെട്ട രോഗികള്‍ക്ക് വേണ്ടി അധികൃതര്‍ ഇടപെടണമെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെയും ആവശ്യം.