കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകളാണ് ശ്രീരാഗിനെ അവസാനമായി കാണാൻ എത്തിച്ചേർന്നത്. 11 മണിയോടെ സംസ്കാര ചടങ്ങുകൾ തറവാട്ട് വളപ്പിൽ നടന്നു.
കൊല്ലം: മൊസാംബികിലെ ബെയ്റ തുറമുഖത്തുണ്ടായ കപ്പൽ അപകടത്തിൽ മരിച്ച കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗിന് കണ്ണീരോടെ വിട നൽകി നാട്. പുലർച്ചെ കൊച്ചിയിൽ എത്തിച്ച മൃതദേഹം റോഡ് മാർഗം ശ്രീരാഗിന്റെ വീട്ടിൽ എത്തിച്ചു. വീട്ടുവളപ്പിൽ പൊതുദർശനം നടന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകളാണ് ശ്രീരാഗിനെ അവസാനമായി കാണാൻ എത്തിച്ചേർന്നത്. 11 മണിയോടെ സംസ്കാര ചടങ്ങുകൾ തറവാട്ട് വളപ്പിൽ നടന്നു. ഈ മാസം പതിനാറിന് ആണ് ക്രൂ ചേഞ്ചിന് ഇടയിൽ ശക്‌തമായ തിരമാലയിൽ പെട്ട് ശ്രീരാഗ് ഉൾപ്പടെ സഞ്ചരിച്ച ബോട്ട് കടലിൽ വീണത്. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 16ന് പുലര്‍ച്ചെയായിരുന്നു അപകടം. എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടം നടക്കുന്ന സമയം 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടത്തിൽ മൂന്ന് പേർ മരിച്ചെന്ന് നേരത്തെ ഹൈ കമ്മീഷൻ സ്ഥിരീകരിച്ചിരുന്നു. എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗുമടക്കം അഞ്ച് ഇന്ത്യക്കാരെയാണ് കാണാതായത്. ഒക്ടോബര്‍ 29നാണ് ശ്രീരാഗിന്‍റെ മൃതദേഹം കണ്ടെത്തിയത്.
പിറവം സ്വദേശി ഇന്ദ്രജിത്തിനായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. എംപിയും എംഎൽഎയും ഉൾപ്പെടെയുള്ളവർ വീട്ടിൽ വന്നിരുന്നു.വിദേശകാര്യ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് കുടുംബം പരാതിയും നൽകി. പക്ഷേ തിരച്ചിൽ ഫലപ്രദമാണോ എന്ന് പോലും കുടുംബത്തിന് അറിയില്ല. സർക്കാർതലത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും കുടുംബത്തിന് കിട്ടിയിട്ടില്ല .കേന്ദ്രസർക്കാരിൻറെ കൂടുതൽ മികച്ച ഇടപെടലാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇന്ദ്രജിത്തിന്റെ അച്ഛൻ സന്തോഷ് മൊസാംബികിൽ തന്നെ മറ്റൊരു കപ്പലിലാണ് ജോലി ചെയ്യുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്ദ്രജിത്തിന് അപകടമുണ്ടായ സ്ഥലത്തേക്ക് പോകാൻ സന്തോഷിനും കഴിഞ്ഞിട്ടില്ല. ആ മേഖലയിൽ ജോലി ചെയ്തു പരിചയമുള്ള ഒരു ബന്ധു കാര്യങ്ങൾ ഏകോപിപ്പിക്കാൻ മൊസാംബികിലേക്ക് തിരിച്ചിട്ടുണ്ട്.


