Asianet News MalayalamAsianet News Malayalam

ലഹരിമരുന്ന് ഉപയോഗം കണ്ടെത്താൻ വിദ്യാർത്ഥികളില്‍ മൂത്രപരിശോധന; കോളേജ് സർക്കുലർ വിവാദത്തില്‍

വിദ്യാര്‍ത്ഥികളിലെ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താൻ മൂത്രപരിശോധനയുമായി കോലഞ്ചേരി മെഡിക്കല്‍ കോളേജ്. സർക്കുലർ വിവാദമായതോടെ, ആരെയും നിർബന്ധിക്കില്ലെന്ന് വിശദീകരണം.

mosc college urine test circular under controversy
Author
Kochi, First Published Jan 22, 2019, 9:56 PM IST

കൊച്ചി: വിദ്യാര്‍ത്ഥികളിലെ ലഹരിമരുന്ന് ഉപയോഗം കണ്ടെത്താൻ മൂത്രപരിശോധനയുമായി കോലഞ്ചേരി മെഡിക്കല്‍ കോളേജ്. പരിശോധന നടത്തുന്നതിന് വിദ്യാർത്ഥികൾ സഹകരിക്കണമെന്ന് സർക്കുലർ ഇറക്കി. സർക്കുലർ വിവാദമായതോടെ, സമ്മതപത്രം നൽകിയവരെ മാത്രമേ പരിശോധനക്ക് വിധേയമാക്കൂ എന്ന് കോളേജ് അധികൃതർ വിശദീകരണക്കുറിപ്പ് ഇറക്കി.

ഈ മാസം 17നാണ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആദ്യ സർക്കുലർ പുറത്തിറക്കിയത്. കോളേജ് ഡീന്‍ ഡ.: കെ.കെ ദിവാകറിന്‍റെ പേരിൽ പുറത്തിറക്കിയ സര്‍ക്കുലറിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചതായി പറയുന്നു. ഇതിന് വേണ്ടി മൂത്രപരിശോധന നടത്തുന്നതിന് വിദ്യാർത്ഥികൾ സഹകരിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. ഫോറന്‍സിക് മെഡിസിനിലെ അസി. പ്രൊഫസറെ പരിശോധന നടത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സർക്കുലറിൽ പറയുന്നു. 

വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെ എതിർപ്പുമായി മുന്നോട്ട് വന്ന സാഹചര്യത്തിലാണ് പത്തൊൻപതാം തീയതി കോളേജ് മാനേജ്മെന്‍റ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം തടയുന്നതിനുള്ള ബോധവത്കരണ ക്യാംപയിൻ എന്ന നിലയിലാണ് സർക്കുലർ ഇറക്കിയതെന്ന് കോളേജ് വിശദീകരിക്കുന്നു. സമ്മതപത്രം എഴുതി നൽകിയവരെ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കൂ എന്നും ആരെയും നിർബന്ധിക്കില്ലെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios