ദുബായ്: ലോകത്തിലെ ഏറ്റവും വില കൂടിയ അസംസ്കൃത വജ്രം ദുബായില്‍. 426 കോടി രൂപയാണ് ഇതിന്റെ വില. ലോകത്തിലെ ഏറ്റവും വില കൂടിയതും അപൂര്‍വ്വമായതുമായ അസംസ്കൃത വജ്രം ദുബായില്‍നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രദര്‍ശിപ്പിച്ചത്. പോളിഷ് ചെയ്യാത്ത ഈ വജ്രത്തിന്റെ ഉടമസ്ഥര്‍ ജനീവ ആസ്ഥാനമായുള്ള ഡി ഗ്രിസഗോണോ ജ്വല്ലറിയാണിപ്പോള്‍.

6.3 കോടി ഡോളര്‍ അഥവാ 426 കോടി രൂപയാണ് ഇതിന്റെ വില. ഡിഎം.സി.സിയിലെ നെമേസിസ് ഇന്‍റര്‍നാഷണല്‍ മുഖേനയാണ് ഗ്രിസഗോണോ ഇത് സ്വന്തമാക്കിയത്. ദുബായില്‍നടന്ന ചടങ്ങില്‍വച്ച് വജ്രത്തിന്റെ കൈമാറല്‍ നടന്നു. ഇതുവരെ കണ്ടെത്തിയവയില്‍വച്ച് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ വജ്രമാണിത്.

812.77 കാരറ്റുള്ള ഇതിന് കോണ്‍സ്റ്റലേഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. 162 ഗ്രാമാണ് തൂക്കം. പരമാവധി വ്യാസം 64 മില്ലീമീറ്റര്‍. ബോട്സ്വാനയയിലെ കരോവെ ഖനിയില്‍നിന്ന് ലുകാറ ഡയമണ്ട് കോര്‍പ്പറേഷനാണ് ഈ അപൂര്‍വ വജ്രം കണ്ടെത്തിയത്. 20 ബില്യണ്‍ ക്യുബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഈ അപൂര്‍വ വജ്രം കണ്ടെത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.