തിരുവനന്തപുരം: കടുത്ത പ്രളയം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭൂരിഭാഗം ട്രെയിനുകളും ഇന്ന് സര്‍വീസ് നടത്തില്ല. കോട്ടയം വഴിയുള്ള ഒരു ട്രെയിനും ഇന്ന് നാല് മണിവരെ സര്‍വീസ് നടത്തില്ല. ഇതുവഴിയുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.എറണാകുളം-ഷൊര്‍ണ്ണൂര്‍-പാലക്കാട് റൂട്ടിലും നാല് മണിവരെ ട്രെയിനുകള്‍ ഉണ്ടാവില്ല. മിക്കയിടത്തും ട്രാക്കില്‍ വെള്ളം കയറി കിടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെടാനും സാധ്യതയുണ്ട്. 

ആലപ്പുഴ വഴി എറണാകുളം തിരുവനന്തപുരം ട്രെയിനുകളും തിരുനെല്‍വേലിയിലേക്ക് നാഗര്‍കോവില്‍ വഴിയും ട്രെയിനുകള്‍ വേഗനിയന്ത്രണത്തോടെ സര്‍വീസ് നടത്തുമെന്നാണ് ഇപ്പോള്‍ റെയില്‍വേ അധികൃതര്‍ അറിയിക്കുന്നത്. അതേസമയം എറണാകുളം ജില്ലയില്‍ വെള്ളം കയറുന്നതിനാല്‍ ഇവിടേക്കുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അത്യാവശ്യ കര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പല പ്രദേശങ്ങളിലും പ്രളയജലം കയറിക്കിടക്കുകയാണെന്നും റെയില്‍വേ അറിയിച്ചു.