കുർദ്ദുകൾക്ക് ആധിപത്യമുള്ള കിർകുകിൽ സർക്കാർ കെട്ടിടങ്ങൾ ലക്ഷ്യമാക്കി ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ 6 പൊലീസുകാരും 13 നിർമ്മാണത്തൊഴിലാളികളുമാണ് മരിച്ചത്. ഡ്രോൺ ആക്രമണത്തിൽ 12 ഐഎസ് തീവ്രവാദികളും കൊല്ലപ്പെട്ടു.

കിർകുക് ടൗൺഹാൾ തകർക്കുകയും സെൻട്രൽ ഹോട്ടൽ പിടിച്ചെടുക്കുകയും ചെയ്തെന്നാണ് ഐഎസ് അനുകൂല വാർത്താഏജൻസിയുടെ റിപ്പോർട്ട്. ചാവേറാക്രമണം നടന്നതായി കിർകുക് ഗവർണർ സ്ഥിരീകരിച്ചു. എന്നാല്‍ കുര്‍ദിഷ് പെഷ്‌മെഗ്ര പോരാളികളും തീവ്രവാദ വിരുദ്ധ സേനയും നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും ഗവർണർ അറിയിച്ചു. 

ഡുമേസിൽ ഒരുപറ്റം ഐഎസ് തീവ്രവാദികൾ ഇപ്പോഴും തുടരുന്നതായും റിപ്പോർട്ടുണ്ട്. ഐഎസിന്‍റെ നിയന്ത്രണത്തിലുള്ള മൊസൂള്‍ നഗരം പിടിച്ചെടുക്കാന്‍ അമേരിക്കൻ സഖ്യസേനയുടെയും കുര്‍ദിഷ് പോരാളികളുടെയും പിന്തുണയോടെ ഇറാഖി സൈന്യം മുന്നേറ്റം തുടരുന്നതിനിടെയാണ് കിര്‍കുകിലെ ആക്രമണം.

മൊസൂളിൽ 15 തീവ്രവാദികളെ കൊലപ്പെടുത്തിയ ഇറാഖി സൈന്യം ഇന്ന് രണ്ട് ഗ്രാമങ്ങൾ കൂടി ഐഎസിൽ നിന്ന് തിരിച്ചുപിടിച്ചു.ശക്തി കേന്ദ്രം നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ, പലയിടങ്ങളിൽ ആക്രമണം അഴിച്ചുവിട്ട് മൊസൂളിൽ നിന്ന് ഇറാഖിസൈന്യത്തിന്റെ ശ്രദ്ധതിരിക്കുകയാണ് ഐഎസ് ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ.